1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 18, 2015

ദോഹ. സ്ര്ഷ്ടാവിന്റെ അളവറ്റ അനുഗ്രഹങ്ങളും നന്മകള്‍ വാരിക്കൂട്ടുവാനുള്ള സുവര്‍ണാവസരവുമായി സമാഗതമായ വിശുദ്ധ റമദാനിനെ പുകവലി നിര്‍ത്തുവാനുളള ഏറ്റവും അനുഗുണമായ സന്ദര്‍ഭമായി എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വ്യക്തിക്കും സമൂഹത്തിനും പ്രകൃതിക്കുമൊക്കെ ദോഷങ്ങള്‍ മാത്രം ബാക്കിയാക്കുന്ന പുകവലി നിര്‍ത്തുവാന്‍ വിശ്വാസിക്കും അല്ലാത്തവര്‍ക്കും ഏറ്റവും സഹായകരമായ സന്ദര്‍ഭമാണ് നോമ്പുകാലം. നോമ്പെടുക്കുന്നവരാണെങ്കില്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പുകവലി നിയന്ത്രിക്കുവാന്‍ ബാധ്യസ്ഥരാണ്. നോമ്പെടുക്കാത്തവര്‍ക്കും പരസ്യമായി പുകവലിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി പുകവലി എന്നെന്നേക്കുമായി അവസാനിപ്പിക്കുവാന്‍ എല്ലാ പ്രവാസി സുഹൃത്തുക്കളും പരിശ്രമിക്കണമെന്ന് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം. പി. ഹസ്സന്‍കുഞ്ഞി, ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സ്‌മോക്കിംഗ് പാര്‍ട്ടികളും പരിപാടികളും യുവാക്കളേയും വിദ്യാര്‍ഥികളേയും ലഹരിയുടെ തീരാകയങ്ങളിലേക്ക് നയിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ പുകവലി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യമേറുകയാണ്.

ആരോഗ്യപരവും സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന പുകവലിക്കെതിരെ സാമൂഹ്യ കൂട്ടായ്മ രൂപപ്പെടണമെന്നും പുകവലി ഒരു തിന്മയായി വിലയിരുത്തുന്ന അവസ്ഥ ഉണ്ടാവണമെന്നുമാണ് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ആഗ്രഹിക്കുന്നത്. റമദാനിന്റെ രാപ്പകലുകളെ പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ പരിശ്രമിക്കുന്നവരൊക്കെ ഈ ദൗത്യത്തില്‍ പങ്കാളികളാവണമെന്നും ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

ഫോട്ടോ. ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ മുഹമ്മദുണ്ണി ഒളകര, ഖത്തര്‍ ചെയര്‍മാന്‍ ഡോ. എം. പി. ഹസ്സന്‍കുഞ്ഞി, ചീഫ് കോര്‍ഡിനേറ്റര്‍ അമാനുല്ല വടക്കാങ്ങര എന്നിവരോടൊപ്പം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.