സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ ജനീവയില്‍ ചേര്‍ന്ന യെമന്‍ സമാധാന ചര്‍ച്ച പാളം തെറ്റുന്നതായി സൂചന. ഇരുപക്ഷവും പിടിവാശിയില്‍ തന്നെ നില്‍ക്കുന്നതിനാല്‍ ചര്‍ച്ച എങ്ങുമെത്താതെ അവസാനിക്കുമോയെന്ന അമ്പരപ്പിലാണ് യുഎന്‍ പ്രതിനിധികള്‍.
തിങ്കളാഴ്ച ആരംഭിച്ച് ഇന്നലെ അവസാനിപ്പിക്കേണ്ട സമാധാന ചര്‍ച്ച ജനീവ പ്രഖ്യാപനം സംബന്ധിച്ച് തീരുമാനത്തിലെത്താത്ത സാഹചര്യത്തില്‍ താല്‍ക്കാലികമായി പിരിഞ്ഞു. എങ്കിലും അവസാനവട്ട ശ്രമങ്ങള്‍ ഇന്നും തുടര്‍ന്നേക്കും.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധ്യമായ സാഹചര്യങ്ങള്‍ രൂപപ്പെടാത്തതിനാലാണ് ചര്‍ച്ചകള്‍ അവസാനിപ്പിക്കുന്നതെന്ന് യുഎന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഹൗതി വിമതരും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. നഗരങ്ങളില്‍നിന്ന് ഹൂതികള്‍ പിന്മാറണമെന്ന ആവശ്യം അവര്‍ അംഗീകരിക്കാത്തതാണ് ചര്‍ച്ച അലസിപ്പിരിയാനുള്ള പ്രധാന കാരണം.
പരസ്പരം ആരോപണങ്ങളുന്നയിച്ച ഇരു വിഭാഗവും വിട്ടുവീഴ്ചകള്‍ക്ക് സന്നദ്ധമാകാത്തതും ഒന്നിച്ചിരുന്നുള്ള ചര്‍ച്ചകള്‍ക്ക് ഇരുകൂട്ടരും വിസമ്മതിക്കുകയും ചെയ്തതും പ്രതിസന്ധി സൃഷ്ടിച്ചു. യു.എന്നിലെ യെമനനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുന്ന ഇസ്മാഈല്‍ ശൈഖ് അഹ്!മദാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിച്ചത്.
സര്‍ക്കാറില്‍ ഭൂരിപക്ഷവും തങ്ങളുടെ പ്രതിനിധികള്‍ ആയിരിക്കണമെന്ന വാദം ഇത്തവണയും ഹൗതികള്‍ ആവര്‍ത്തിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്ന് യമന്‍ വിദേശകാര്യ മന്ത്രി റയാദ് യാസിന്‍ അബ്ദുല്ല നേരത്തെ വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്ക് 3 വക്താക്കള്‍ ഉള്‍പ്പെടെ 10 പേര്‍ മാത്രമാണ് പങ്കെടുക്കേണ്ടതെന്ന വ്യവസ്ഥയുണ്ടെങ്കിലും യെമനില്‍ നിന്ന് പ്രതിപക്ഷവും ഹൗതികളും ഉള്‍പ്പെടെ 22 പേരാണ് പങ്കെടുത്തത്. ഇതും അഭിപ്രായ സമന്വയത്തിന് തടസമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല