സ്വന്തം ലേഖകന്‍: വ്യക്തികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്താന്‍ പുതിയ പദ്ധതി കൊണ്ടു വരാന്‍ ബിജെപി സര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന. കേസന്വേഷണം സുഗമമാക്കുന്നതിനാണ് പദ്ധതിയെന്നതാണ് പുതിയ നിയമത്തെ ന്യായീകരിക്കാന്‍ സര്‍ക്കാരിന്റെ നിലപാട്. ഉപയോക്താക്കളുടെ സ്വകാര്യത മാനിച്ചുകൊണ്ടാകും പുതിയ പദ്ധതി നടപ്പാക്കുകയെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
കേസ് അന്വേഷണ ഘട്ടങ്ങളില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിനുള്ള നടപടി എന്ന നിലയിലാണ് പൗരന്മാരുടെ ടെലഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതോടെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ചോര്‍ത്തുന്നതിന് നിയമപരിരക്ഷ ലഭിക്കും. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു.
വ്യക്തി നിരീക്ഷണ പദ്ധതി നടപ്പാക്കുന്ന വിവരം കേന്ദ്ര ടെലകോം മന്ത്രി രവിശങ്കര്‍ പ്രസാദ് തന്നെ സ്ഥിരീകരിച്ചു. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ വ്യക്തിയുടെ സ്വകാര്യത കൂടി പരിഗണിച്ച് മാത്രമേ നടപ്പാക്കൂ എന്നാണ് മന്ത്രിയുടെ വിശദീകരണം. സേവനദാതാക്കളെ പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
യുപിഎ സര്‍ക്കാരും സമാനമായ പദ്ധതി ആലോചിചിചരുന്നെങ്കിലും കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നു. ടെലഫോണ്‍ സേവനദാതാക്കളും പദ്ധതിയോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല