സ്വന്തം ലേഖകന്‍: നിതാഖാത്ത് പ്രവാസികളുടെ പുനരധിവാസ പദ്ധതി നോര്‍ക്ക അട്ടിമറിക്കുന്നതായി ആരോപണം. കേന്ദ്ര പ്രവാസികാര്യ മന്ത്രിയും മുഖ്യമന്ത്രിയും നല്കിയ ഉറപ്പുകള്‍ കാറ്റില്‍ പറത്തുന്ന നടപടികളാണ് നോര്‍ക്ക ഇപ്പോള്‍ സ്വീകരിക്കുന്നതെന്നാണ് നിതാഖാത് മൂലം മടങ്ങിയെത്തിയ പ്രവാസികള്‍ പരാതിപ്പെടുന്നത്. പലിശ രഹിത വായ്പയടക്കമുള്ള വാഗ്ദാനങ്ങളെ കുറിച്ച് നോര്‍ക്ക അധികൃതര്‍ ഇപ്പോള്‍ കൈമലര്‍ത്തുകയാണ്.
സ്വദേശിവല്‍ക്കരണം മൂലം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ ദുരിത ജീവിതം തുടങ്ങിയിട്ട് രണ്ടര വര്‍ഷമായി. പലിശ രഹിത വായ്പ, സ്വയംതൊഴില്‍ കണ്ടെത്താനുള്ള സഹായം, ചികിത്സ സഹായം തുടങ്ങി ഒട്ടനവധി വാഗ്ദാനങ്ങളായിരുന്നു കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിതാഖാത്ത് നടപടി സമയത്ത് നാട്ടിലെത്തുന്നവര്‍ക്കായി പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ഒന്നു പോലും ഇതുവരെ നടപ്പായിട്ടില്ല.
നോര്‍ക്ക ഒടുവില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അന്ന് നല്കിയ വാഗ്ദാനങ്ങളെ കുറിച്ച് പ്രവാസികള്‍ ചോദിച്ചപ്പോള്‍ അധികൃതര്‍ കൈമലര്‍ത്തുകയായിരുന്നു. പത്തര ശതമാനം പലിശയ്ക്ക് വായ്പ നല്‍കാമെന്ന നിര്‍ദേശം മാത്രമാണ് ഇപ്പോള്‍ നോര്‍ക്ക് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്.
നബാഡ് അടക്കമുള്ള ബാങ്കുളില്‍ നിന്ന് ഇതിലും കുറഞ്ഞ തുകക്ക് വായ്പ ലഭിക്കുമെന്നിരിക്കെയാണ് ഈ നിര്‍ദേശം. വായ്പയ്ക്ക് ഈട് നല്കാന് പോലും ഇവരുടെ കൈയ്യില്‍ ഒന്നുമില്ലതാനും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് നാട്ടിലെത്തിയ പ്രവാസികള്‍ ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല