സ്വന്തം ലേഖകന്‍: അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മറഡോണ വീണ്ടും ഇറങ്ങുകയാണ്. എന്നല്‍ ഇത്തവണ പോരാട്ടം ഫിഫ പ്രസിഡന്റ് സ്ഥാനത്തിനായാണെന്ന് മാത്രം. എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ യുറുഗ്വേക്കാരന്‍ വിക്ടര്‍ ഹ്യൂഗോ മൊറാലസാണ് വാര്‍ത്ത പുറത്തുവിട്ടത്.
പിതാവിന്റെ രോഗ വിവരമറിയാന്‍ വിളിച്ചപ്പോഴാണു മറഡോണ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനുള്ള മോഹം വെളിപ്പെടുത്തിയതെന്നു മൊറാലസ് പറഞ്ഞു. ഈ വാര്‍ത്തയുടെ ചൂട് ഒട്ടും പോകാതെ അപ്പോള്‍ തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടെന്നും മൊറാലസ് വെളിപ്പെടുത്തി.
പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനെ കുറിച്ചു മറഡോണ വിദഗ്ധാഭിപ്രായം ചോദിച്ചെന്നും മൊറാലസ് പിന്നീട് ട്വീറ്റ് ചെയ്തു.
മറഡോണ ഫിഫ പ്രസിഡന്റാകുന്നത് ഫുട്ബോളിനു ഗുണം ചെയ്യുമെന്ന് വെനസ്വേല പ്രസിഡന്റ് നികോളാസ് മദൂറോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
തുടര്‍ച്ചയായി അഞ്ചാം തവണയും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുവേഫ ഉള്‍പ്പെടെയുള്ള അസോസിയേഷന്റെ എതിര്‍പ്പുകളെ തുടര്‍ന്ന് സെപ് ബ്ലാറ്റര്‍ രാജിവച്ചതോടെ നേതൃത്വ പ്രതിസന്ധിയിലാണ് ഫിഫ. അര്‍ജന്റീന ടീം നായകനും കോച്ചുമായിരുന്ന മറഡോണ ബ്ലാറ്ററുടെ പ്രധാന വിമര്‍ശകനാണ്.
ബ്രസീലിന്റെ മുന്‍ താരം സീകോയും മത്സരിക്കാന്‍ ഒരുങ്ങുന്നത് മറഡോണയ്ക്കു ബുദ്ധിമുട്ടാകും. ഫിഫയുടെ നിബന്ധന പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ അഞ്ച് രാജ്യങ്ങളുടെ ഫെഡറേഷനുകളുടെ പിന്തുണ ആവശ്യമാണ്. ലൈബീരിയ ഫുട്ബോള്‍ അസോസിയേഷന് ചെയര്മാന് മുസാ ബിലിതിയാണ് സ്ഥാനാര്‍ഥത്വം പ്രഖ്യാപിച്ച മറ്റൊരു പ്രമുഖന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല