സ്വന്തം ലേഖകന്‍: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റികളില്‍ മിക്കതും ഉത്തര്‍പ്രദേശിനും തമിഴ്നാടിനും. നൂറു സ്മാര്‍ട്ട് സിറ്റികളില്‍ 13 എണ്ണം ഉത്തര്‍പ്രദേശിനും 12 എണ്ണം തമിഴ്നാടിനുമാണ് നല്‍കുകയെന്നാണ് സൂചന. കേരളത്തിന് ഒരു സ്മാര്‍ട്ട് സിറ്റി മാത്രമാണ് ലഭിക്കുക.
നരേന്ദ്രമോദി സര്‍ക്കാര്‍ അഭിമാന പദ്ധതികളായി പ്രഖ്യാപിക്കാനിരിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതിക്കും അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള അമൃത് നഗരവികസന പദ്ധതിക്കുമാണ് ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും നിര്‍ദേശിക്കാവുന്ന നഗരങ്ങളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്.
സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ആകെയുള്ള 100 സ്മാര്‍ട്ട് സിറ്റികളില്‍ 13 എണ്ണവും ഉത്തര്‍പ്രദേശിനാണ്. തൊട്ടു പിറകില്‍ 12 സ്മാര്‍ട്ട് സിറ്റികളുമായി തമിഴ്നാട്, 10 എണ്ണവുമായി മഹാരാഷ്ട്ര എന്നിവരാണ്. ഗുജറാത്തിനും കര്‍ണാടയ്ക്കും 6 വീതമാണുള്ളത്. പശ്ചിമബംഗാള്‍, രാജസ്ഥാന് 4, ബിഹാര്‍, ആന്ധ്ര പ്രദേശ്, പഞ്ചാബ് 3, ഒഡീഷ,ഹരിയാന, തെലങ്കാന, ഛത്തിസ്ഗഡ് 2 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ വിഹിതം.
ഡല്‍ഹി, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, അസ്സം, ഹിമാചല്‍പ്രദേശ്, ഗോവ, അരുണാചല്‍ പ്രദേശ്, ചണ്ഡീഗഡ്, കേരളം എന്നിവിടങ്ങളില്‍ ഓരോ സ്മാര്‍ട്ട് സിറ്റികളാണ് അനുവദിച്ചിരിക്കുന്നത്. അമൃത് പദ്ധതി പ്രകാരം വികസിപ്പിക്കുന്ന 500 നഗരങ്ങളില്‍ 54 എണ്ണവും അനുവദിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ്.
മഹാരാഷ്ട്രയില്‍ 37 ഉം തമിഴ്നാട്ടില്‍ 33 ഉം ആന്ധ്രപ്രദേശിലും ഗുജറാത്തിലും 31 വീതവും നഗരങ്ങള്‍ വികസിപ്പിക്കും. ഈ പദ്ധതിയില്‍ കേരളത്തിന് 18 നഗരങ്ങള്‍ അനുവദിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല