ഈ അടുത്ത കാലത്ത് യുകെയിലെ മലയാളീ നേഴ്‌സുമാരുടെ ഔദ്യോഗിക ജീവിതത്തെയും യുകെ മലയാളികളില്‍ ഒരു നല്ല ഭാഗം വ്യക്തികളെയും സാരമായി ബാധിക്കുന്ന രണ്ട് സംഭവക വികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒന്ന് നേഴ്‌സിംഗ് കൌണ്‍സില്‍ ഈയടുത്ത് ആവിഷ്‌കരിച്ച നേഴ്‌സുമാരുടെ റീവാലിഡേഷന്‍ പരിഷ്‌കാരം, മറ്റൊന്ന് 2011 ല്‍ നിലവില്‍ വന്നതാണെന്ന് പറയുന്നു എങ്കിലും ഇപ്പോള്‍ മാത്രം ചൂട് അനുഭവപ്പെട്ടു തുടങ്ങിയ പരിഷ്‌കരിച്ച കുടിയേറ്റ നിയമം. ഈ രണ്ടു കാര്യങ്ങളിലും പരിഭ്രമിച്ചു പകച്ച് നില്‍ക്കുന്ന ഒരു വലിയ മലയാളി സമൂഹത്തിന്റെ ആകുലതകളെ, പ്രതിസന്ധികളെ നേരിടാന്‍ യുക്മ നഴ്‌സസ് ഫോറം പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് അബ്രഹാം ജോസും ജനറല്‍ സെക്രട്ടറി ബിജു പീറ്ററും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
നേഴ്‌സിംഗ് മേഖല സമൂലം ഉടച്ചു വാര്‍ക്കുവാനുള്ള നേഴ്‌സിംഗ് കൌണ്‍സിലിന്റെ ദൃഡനിശ്ചയത്തിന്റെ ഒരു പരിണിതഭലമാണ് റീവാലിഡേഷന്‍. തത്വത്തില്‍ ഈ നടപടികളെ നമുക്ക് നിഷേധിക്കുവാന്‍ കഴിയുകയില്ല. കാരണം ആത്യന്തികമായ ലക്ഷ്യം നേഴ്‌സിംഗ് പ്രൊഭഷന്റെ മൂല്യവും ലക്ഷ്യങ്ങളും ഉയര്‍ത്തുക എന്നത് തന്നെ എന്നാല്‍ അതിലെ വ്യവസ്ഥകളും നടപടിക്രമങ്ങളും അഭിമുഖീകരിക്കുവാന്‍ നമ്മുടെ നേഴ്‌സുമാരില്‍ എത്രമാത്രം പേര്‍ സജ്ജമാണെന്നതില്‍ കാര്യമായ സംശയമുണ്ട്. ഞങ്ങള്‍ സംസാരിച്ച പലരും ഇത് കേട്ടിട്ട്‌പോലുമില്ല ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, നമ്മള്‍ യഥാസമയം തയ്യാറായിട്ടില്ലെങ്കില്‍ ഒരു ഇടിത്തീയുടെ രൂപത്തില്‍ നമ്മളില്‍ വന്ന് പതിയ്ക്കാനിടയുണ്ട്. പ്രത്യേകിച്ചും നേഴ്‌സിംഗ് ഹോം മേഖലയിലായിരിക്കും ഇതിന്റെ എരിവും ചൂടും അറിയുക.
പി ആര്‍ ലഭിക്കുവാനുള്ള അടിസ്ഥാന ശമ്പളം 35000 പൗണ്ടാക്കികൊണ്ടുള്ള 2011ലെ നിയമ ഭേദഗതി 2016 ല്‍ പി ആര്‍ ലഭിക്കുവാനുള്ള പലര്‍ക്കും ഒരു വിലങ്ങു തടിയായിരിക്കുകയാണ്. ഇത് എത്രമാത്രം കഠിനമായി ആയിരങ്ങളെ ബാധിക്കുമെന്നതില്‍ സംശയമില്ല.
ഈ രണ്ട് പ്രതിസന്ധികളേയും എങ്ങനെ തരണം ചെയ്യാമെന്ന് ഈ വരുന്ന ശനിയാഴ്ച ജൂണ്‍ 27)0 തിയതി ബര്‍മിങ്ങ്ഹാമില്‍ ചേരുന്ന യുക്മ നഴ്‌സസ് ഫോറത്തിന്റെ പ്രഥമ ദേശീയ നിര്‍വാഹക സമിതി കൂലംകഷമായി ചര്‍ച്ച ചെയ്യുന്നതും മാതൃസംഘടനയായ യുക്മയുമായി ആശയവിനിമയം നടത്തി ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമായിരിക്കും.
റീവാലിഡേഷനു വേണ്ടി പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കുന്ന വര്‍ക്ക്‌ഷോപ്പുകള്‍, പി ആര്‍ നിയമഭേദഗതികള്‍ക്കെതിരായി ഗവണ്മെന്റിനു സമര്‍പ്പിക്കുവാന്‍ ഓണ്‍ലൈന്‍ പെറ്റിഷന്‍ എന്നിവ യുക്മ നഴ്‌സസ് ഫോറം തയ്യാറാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല