സ്വന്തം ലേഖകന്‍: ബ്രിട്ടന്റെ പുതിയ കുടിയേറ്റ നിയമം ഇന്ത്യന്‍ നഴ്സുമാരെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) മുന്നറിയിപ്പ്. കുടിയേറ്റ ജോലിക്കാരുടെ എണ്ണം നിയന്ത്രിക്കാന്‍ ബ്രിട്ടന് പുതിയ നയം നടപ്പാക്കിയാല്‍ ഇന്ത്യ ഉള്‍പ്പെടെ യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തോളം നഴ്സുമാരെയാണ് അത് നേരിട്ട് ബാധിക്കുക.
മിക്കവര്‍ക്കും 2020 ഓടെ നാട്ടിലേക്കു തിരിച്ചുപോരേണ്ടി വരും. ഇതിനു പുറമേ മറ്റു കമ്പനി ജോലിക്കാരേയും നിയമം പ്രതികൂലമായി ബാധിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) ഇക്കാര്യത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തി.
പ്രതിവര്‍ഷം 35,000 പൗണ്ട് ശമ്പളമുള്ള ഒരാള്‍ക്കേ പുതിയ നിയമപ്രകാരം ബ്രിട്ടനില്‍ തുടരാനാവൂ. ഇതു സീനിയര്‍ നഴ്സിന്റെ ശമ്പളമാണ്. ഭൂരിപക്ഷം നഴ്സുമാര്‍ക്കും ആറു വര്‍ഷത്തിനിടെ ഇത്രയും ശമ്പളം നേടാനാവില്ല.
എണ്ണൂറിലേറെ ഇന്ത്യന്‍ കമ്പനികളാണു ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നതെന്നു സിഐഐ ചൂണ്ടിക്കാട്ടി. ഇവര്‍ നികുതി അടച്ചുകൊണ്ട് ബ്രിട്ടന്റെ സമ്പദ്ഘടനക്ക് കരുത്തു പകരുന്നു. പുറമേ ബ്രിട്ടിഷുകാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.
പുരോഗതിയിലേക്ക് ഒന്നിച്ചു മുന്നേറാന്‍ ബ്രിട്ടനും ഇന്ത്യക്കുമുള്ള അവസരം കളഞ്ഞുകുളിക്കരുതെന്നും ഇന്ത്യന്‍ കമ്പനികളുടേയും വിവിധ ജോലിക്കാരുടെയും നഴ്സുമാരുടെയും സംഭാവന വിസ്മരിക്കരുതെന്നും സിഐഐ ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല