ചണ്ഡീഗഢ്: മാരുതി സുസുക്കിയുടെ മനേസറിലെ പ്ലാന്റില്‍ ഒരാഴ്ചയായി നടക്കുന്ന തൊഴില്‍ സമരം ഹരിയാന സര്‍ക്കാര്‍ തടഞ്ഞു. സമരം ചെയ്യുന്ന തൊഴിലാളികളുടെ നടപടി തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ഇക്കാര്യം ലേബര്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
സമരം കമ്പനിക്ക് 6,000 വാഹനങ്ങളുടെ ഉത്പാദന നഷ്ടമുണ്ടാക്കി. ഇതുവഴി 270കോടി രൂപ നഷ്ടമാണ് കമ്പനിക്കുണ്ടായത്. സമരം തടഞ്ഞതിനെത്തുടര്‍ന്ന്, തുടക്കത്തില്‍ നഷ്ടത്തില്‍ വ്യാപാരം നടക്കുകയായിരുന്ന മാരുതിയുടെ ഓഹരി വില നേട്ടത്തിലെത്തി. ഒരു ശതമാനത്തിലേറെ ഉയര്‍ന്ന് 1,229.75 രൂപ എന്ന നിരക്കിലാണ് ഓഹരി വില ക്ലോസ് ചെയ്തത്. ക്ലോസിങ്ങിന് തൊട്ടുമുന്‍പ് 1,243 രൂപ വരെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കമ്പനിയിലെ തൊഴിലാളികള്‍ സമരം തുടങ്ങിയത്. പുതിയ യൂണിയന്‍ ഉടന്‍ രൂപീകരിക്കണമെന്നാണ് തൊഴിലാളികള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം. എന്നാല്‍ നിലവിലെ മാരുതി ഉദ്യോഗ് കാംഗര്‍ യൂണിയന്റെ മാതൃകയിലാവണം പുതിയ യൂണിയനെന്ന് മാനേജ്‌മെന്റ് നിര്‍ബന്ധം പിടിച്ചിരുന്നു. കൂടാതെ മാരുതി തൊഴിലാളികളെന്ന വ്യാജേന രാഷ്ട്രീയപാര്‍ട്ടികളുടെ ആളുകള്‍ സമരരംഗത്തുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. നേരത്തേ സമരംചെയ്ത 11 തൊഴിലാളികളെ മാനേജ്‌മെന്റ് പിരിച്ചുവിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല