അമേരിക്കയിലെ സ്വവര്‍ഗ്ഗ വിവാഹാവകാശത്തിനായുള്ള പോരാട്ടങ്ങള്‍ക്ക് ചരിത്രപരമായ വിജയം സമ്മാനിച്ച് സുപ്രീം കോടതിയുടെ വിധി നിലവില്‍ വന്നു. ഭരണഘടന രാജ്യത്തെ എല്ലാ പൌരന്മാര്ക്കും നല്കി വരുന്ന തുല്യാവകാശമനുസരിച്ച് 50 സ്റ്റേറ്റുകളിലും സ്വവര്‍ഗ്ഗവിവാഹം നിയമപരമായി തടയാനാവില്ലെന്നാണ് ജസ്റ്റിസ് ആന്റണി കെന്നഡിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഇതോടെ അമേരിക്കയിലുടനീളം സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമായി മാറി.
സ്വവര്‍ഗ്ഗ വിവാഹവുമായി ബന്ധപ്പെള്ള പോരാട്ടങ്ങളിലെ ഏറ്റവും സുപ്രധാനവും ഒടുവിലെത്തേതുമായ നാഴികകല്ലായാണ് കോടതിവിധി വിലയിരുത്തപ്പെടുന്നത്. 2010ല്‍ സ്വവര്‍ഗ്ഗ പ്രണയിനികള്‍ക്ക് സൈനിക സേവനം അനുവദിച്ചുകൊണ്ടുള്ള നിയമത്തില്‍ പ്രസിഡണ്ട് ബാരാക് ഒബാമ ഒപ്പുവച്ചിരുന്നു. വിവാഹം പുരുഷനും സ്ത്രീയും തന്മിലുള്ളതാണെന്ന തരത്തിലുള്ള 1996 നിയമം ഭരണാഘടാനാവിരുദ്ധമാണെന്ന് ഹൈക്കോടതി വിധി 2013ലും പുറത്തു വന്നു.
സ്വവര്‍ഗ്ഗ വിവാഹത്തെ പിന്തുണച്ച ആദ്യത്തെ അമേരിക്കന്‍ പ്രസിഡണ്ടായ ബാരാക് ഒബാമ ട്വിറ്ററില്‍ വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. വിധിയെ ചരിത്രപരമായ മുന്നേറ്റമായി വിലയിരുത്തിയ അദ്ദേഹം സ്വവര്‍ഗ്ഗ പ്രണയിനികള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് മറ്റാരെയും പോലെ സ്വാതന്ത്ര്യം അനുഭവിക്കാനാവുമെന്നും വിലയിരുത്തി. 2016 ലെ തിരഞ്ഞെടുപ്പില്‍ ഒബാമയുടെ പ്രധാന എതിരാളിയാവുമെന്ന് കരുതപ്പെടുന്ന ഹിലാരി ക്ലിന്റണും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തികഴിഞ്ഞു. 2013 വരെ സ്വവര്‍ഗ്ഗ വിവാഹത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന ഹിലാരി ശേഷം തന്റെ കാഴ്ച്ചപ്പാടുകളില്‍ മാറ്റം വന്നതായി പ്രസ്താവിച്ചിരുന്നു.
പരമ്പരാഗത വിവാഹങ്ങളെ പിന്തുണയ്ക്കുന്ന ജെബ് ബുഷ് പക്ഷേ വിധിയില്‍ തൃപ്തി പ്രകടിപ്പിച്ചില്ല. ഇത്തരമൊരു കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം കോടതി സര്‍ക്കാറിന് അനുവദിക്കണമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
2004ല്‍ മസാച്ചുസെറ്റ്സ് അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹം വിയമവിധേയമായ ആദ്യത്തെ സ്റ്റേറ്റായി മാറിയിരുന്നു. അടുത്തിടെ അലാബാമയിലെ ഫെഡറല്‍ കോടതി സ്വവര്‍ഗ്ഗവിവാഹത്തില്‍ അനുകൂലമായ വിധി പുറപ്പെടുവിച്ചതോടെ അമേരിക്കയിലെ 37 സ്റ്റേറ്റുകളില്‍ സ്വവര്‍ഗ്ഗ വിവാഹം നിലവില്‍ നിയമവിധേയമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല