ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിന്റെ ഫ്‌ളാറ്റുകളില്‍ പലതും ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ഇല്ലാതെയാണ് നിര്‍മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കൊച്ചി കോര്‍പറേഷന്റെയോ ജി.സി.ഡി.എയുടെയോ അനുമതി ഇല്ലാത്തതിന് പുറമെ, ടൗണ്‍ പ്ലാനിങ് അധികൃതരുടെ നിര്‍ദേശം ലംഘിച്ചാണ് ഇവയുടെ നിര്‍മാണം നടന്നിരിക്കുന്നത്. ഒമ്പത് നിലക്ക് അനുമതി വാങ്ങി 14 നിലവരെയും ആറു നിലക്ക് പകരം 10 നില വരെയും നിര്‍മാണം നടത്തിയതായി കണ്ടെത്തി.
പുറമെ ഒരേ ഫ്‌ളാറ്റുകള്‍ പല നിക്ഷേപകര്‍ക്ക് വിറ്റതിന്റെ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.ആപ്പിള്‍ ഐസ് പ്രോജക്ടില്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്ത നിക്ഷേപകന് ബിഗ് ആപ്പിള്‍ പ്രോജക്ടില്‍ ഫ്‌ളാറ്റ് അനുവദിച്ചപ്പോള്‍ ഇതിന് രണ്ട് അവകാശികളാണ് ഉണ്ടായിരുന്നത്. ഇത്തരത്തില്‍ വ്യാപകമായി നിക്ഷേപകരെ കബളിപ്പിച്ചും ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് ഉടമകള്‍ ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ലഭിച്ച പരാതികളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.
ആപ്പിള്‍ പ്രോപ്പര്‍ട്ടീസിന്റെ ഫ്‌ളാറ്റുകള്‍ നിര്‍മിക്കാന്‍ ഏറ്റെടുത്ത ഭൂമിയുടെ ക്രയവിക്രയം സംബന്ധിച്ചും നിരവധി പരാതികളാണ് ലഭിക്കുന്നത്. നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാതെ വാങ്ങിയ ഭൂമികളിലും ഒന്നിലേറെ പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആപ്പിള്‍ പ്രോപ്പര്‍ട്ടീസിന്റെ കൊച്ചിയിലെ ആസ്ഥാനത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു.
കോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും പരിശോധനയില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അതിനിടെ പണം പോയവരില്‍ ഭൂരിപക്ഷവും പ്രവാസികള്‍ ആണെന്ന് പോലിസ് വ്യകതമാക്കി.പ്രവാസികളുടെ പരാതികളെക്കുറിച്ച് അന്വേഷിക്കാനും മൊഴിയെടുക്കാനും ദുബൈയിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല