ലൈംഗിക ഉത്തേജക മരുന്നുകള്‍ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നതിനെതിരെ യുഎഇ ആരോഗ്യ മന്ത്രാലയം രംഗത്ത്. അനധികൃതമായി നടത്തുന്ന ഇത്തരം നടപടികള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയുണ്ടാക്കുമെന്ന് കണ്ടറിഞ്ഞാണ് സര്‍ക്കാരിന്റെ ഇടപെടല്‍. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയതിനാല്‍ ഇത്തരം മരുന്നുകള്‍ വാങ്ങരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലൈംഗിക പ്രശ്‌നങ്ങള്‍ അലട്ടുന്ന ആളുകളെ ടാര്‍ഗറ്റ് ചെയ്താണ് ഇത്തരം കമ്പനികള്‍ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നത് എന്നതിനാല്‍, ആളുകള്‍ ഇവരുടെ വലയില്‍ വീഴാന്‍ സാധ്യത വളരെ കൂടുതലാണ്.
നിരവധി ആളുകള്‍ ഓണ്‍ലൈന്‍ മരുന്നുകള്‍ക്ക് പുറകെ പോകുന്നുവെന്ന് കണ്ടത്തെിയിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ അംഗീകാരമുള്ള മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മാത്രമേ മരുന്നുകള്‍ വാങ്ങാവൂവെന്ന് ആരോഗ്യ മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു. പല മരുന്നുകളിലും അപകടകരമായ രാസവസ്തുക്കള്‍ ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കഴിക്കുന്നത് മരണത്തിലേക്ക് വരെ നയിക്കാം. ഉദ്ധാരണ ശേഷിക്കുറവിനെന്ന പേരില്‍ വിറ്റഴിക്കപ്പെടുന്ന ‘സൂപ്പര്‍ ഹാര്‍ഡ് പവര്‍ ടാബ്ലറ്റ്’ അടുത്തിടെ മന്ത്രാലയം ലബോറട്ടറി പരിശോധനക്ക് വിധേയമാക്കി.
സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പരസ്യം നല്‍കി ഓണ്‍ലൈനിലൂടെ ലൈംഗിക ഉത്തേജക മരുന്നുകള്‍ അനധികൃതമായി വില്‍ക്കുന്നത് ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്. പ്രായമേറിയ ആളുകള്‍ ഒരിക്കലും ഡോക്ടറുടെ കുറിപ്പടി കൂടാതെ മരുന്നുകള്‍ വാങ്ങരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംശയകരമായ പരസ്യങ്ങളും മരുന്നുകളും ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രാലയത്തിന്റെ 80011111എന്ന ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല