സ്വന്തം ലേഖകന്‍: പുകവലി നിരോധനത്തെ തുടര്‍ന്ന് ആസ്ട്രേലിയയില്‍ ജയില്‍പ്പുള്ളികളുടെ കലാപം. പുകവലി ജയിലിനകത്ത് നിരോധിച്ചതായുള്ള ഉത്തരവിറങ്ങിയതോടെ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മെല്‍ബണിനടുത്ത് റാവന്‍ ഹാള്‍ ജയിലിലാണ് നാടകീയ സംഭവങ്ങള്‍.
അധികൃതര്‍ ജയിലില്‍ പുകവലി നിരോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ചൊവ്വാഴ്ച മുതല്‍ രാജ്യ വ്യാപകമായി ജയിലുകളില്‍ സര്‍ക്കാര്‍ പുകവലി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് ജയിലില്‍ എത്തിയതു മുതല്‍ സംഘര്‍ഷം ആരംഭിച്ചു.
തടയാന്‍ ശ്രമിച്ച ജയില്‍ ജീവനക്കാര്‍ കയ്യേറ്റത്തിനിരയായി. ഇതോടെ ജയില്‍ പുറത്തു നിന്നും പൂട്ടി ജീവനക്കാര്‍ പുറത്തിറങ്ങി. അപ്പോള്‍ മുതല്‍ തടവുകാര്‍ ജയിലിനകത്ത് അഴിഞ്ഞാടി. കണ്ണില്‍ കണ്ടെതെല്ലാം തച്ചുടച്ചു. സമ നില തെറ്റിയ രീതിയിലായിരുന്നു പലരുടെയും പരാക്രമങ്ങള്‍. ഇതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി.
ഇതിനിടെ തടവുകാരില്‍ ചിലര്‍ ഏറ്റുമുട്ടുകയും ജയിലിന് തീവെക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് ഔദ്യോഗിക വിശദീകരണം. ജയിലിനകത്തെ പുകവലി സഹ തടവുകാര്‍ക്ക് പ്രശ്നമുണ്ടാക്കുന്നുവെന്ന് കാണിച്ചാണ് പുകവലി നിരോധനം രാജ്യത്തെ ജയിലുകളില്‍ പ്രാബല്യത്തിലാക്കിയത്.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം നിയന്ത്രണ വിധേയമായതായാണ് സൂചന. മുഖം മറച്ചാണ് അക്രമികള്‍ അഴിഞ്ഞാടിയത്. എന്നാല്‍ രാജ്യത്തെ മറ്റു ജയിലുകളിലൊന്നും നിരോധനം പ്രശ്നമുണ്ടാക്കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല