ഒരു സംസ്ഥാനത്ത്നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ ഇനി മുതല്‍ മൊബൈല്‍ നമ്പര്‍ മാറേണ്ടതില്ല. ടെലികോം മന്ത്രാലയം മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിളിറ്റി ഇന്ന് മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കി തുടങ്ങി. മറ്റൊരു സംസ്ഥാനത്തേക്ക് മാറുമ്പോള്‍ അതേ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് സേവന ദാതാവിനെ മാറാം.
നേരത്തേ മേയ് മൂന്നിനാണ് രാജ്യവ്യാപക മൊബൈല്‍ പോര്ടബിലിറ്റി നടപ്പാക്കാന്‍ സമയം നിശ്ചയിച്ചിരുന്നത്. മൊബൈല്‍ സേവനദാതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. സാങ്കേതിക സംവിധാനം ഒരുക്കാനാണ് സമയം ആവശ്യപ്പെട്ടിരുന്നത്. മൊബൈല്‍ പോര്‍ട്ടബിലിറ്റി വ്യാപകമാക്കാന്‍ സംവിധാനങ്ങളായി എന്നു കമ്പനികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മുതല്‍ സംവിധാനം നടപ്പാക്കി തുടങ്ങാന്‍ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.
എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായെന്ന് ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ എന്നീ കമ്പനികള്‍ വ്യക്തമാക്കി. മൊബൈല്‍ നമ്പര്‍ പോര്ടബിലിറ്റിക്കു പുറമേ ബാലന്‍സ് എക്സ്ചേഞ്ച്, ഫ്രീ റോമിംഗ്, കാരി ഫോര്‍വേഡ് സംവിധാനങ്ങളും നടപ്പാക്കുമെന്ന് എയര്‍ ടെല്‍ അറിയിച്ചു.
നാഷണല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റിയുടെ വലിയ നേട്ടം ഉപഭോക്താക്കള്‍ക്കാണെന്ന് വോഡഫോണ്‍ ഇന്ത്യ ചീഫ് കമേഴ്സ്യല്‍ ഓഫിസര്‍ വിവേക് മാഥുര്‍ പറഞ്ഞു. നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ തങ്ങളുടെ ഇഷ്ടപ്പെട്ട ഓപ്പറേറ്ററെ തെരഞ്ഞെടുക്കാന്‍ പോര്‍ട്ടബിലിറ്റി വഴിയൊരുക്കുന്നു. 2011ല്‍ ആരംഭിച്ച മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം വലിയ നേട്ടമാണ് വോഡഫോണിന് സമ്മാനിച്ചത്. പുതിയ സംവിധാനവും ഇത്തരത്തില്‍ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല