സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ അഴിമതി ലോബിക്കെതിരെ പോരാടിയ ആജ്തക് റിപ്പോര്‍ട്ടര്‍ മരിച്ച നിലയില്‍. റിപ്പോര്‍ട്ടര്‍ അക്ഷയ് സിംഗിനെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ് റിപ്പോര്‍ട്ടു ചെയ്ത ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് അക്ഷയ് സിംഗ്.
ഈ കേസുമായി ബന്ധപ്പെട്ട 44 പേര് ഇതുവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചെന്നാണ് കരുതപ്പെടുന്നത്. വ്യാപം അഴിമതിക്കേസില്‍ ദുരൂഹമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ രക്ഷിതാക്കളുമായി അക്ഷയ് സിംഗ് അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിന് പിന്നാലെ പൊടുന്നനെ ശാരീരിക അവശത പ്രകടിപ്പിച്ച അക്ഷയ് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉജ്ജയിന്‍ ജില്ലയിലെ നര്‍മ്മദ ദാമോര്‍ എന്ന യുവതിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വേ പാളത്തിന് സമീപം ദുരൂഹമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ ടെലഫോണില്‍ വിളിച്ച അക്ഷയ് സിംഗ് ഇവരുടെ അഭിമുഖം എടുത്തിരുന്നു.
അക്ഷയ് സിംഗ് മറ്റു രണ്ടുപേര്‍ക്കൊപ്പമാണ് അഭിമുഖത്തിനെത്തിയതെന്ന് നര്‍മ്മദയുടെ പിതാവ് മെഹ്താബ് സിംഗ് ദാമോര്‍ അറിയിച്ചിട്ടുണ്ട്. കൂട്ടത്തിലുള്ള ഒരാളെ ചില രേഖകള്‍ ഫോട്ടോകോപ്പിയെടുക്കുന്നതിന് പുറത്തേക്ക് വിട്ട സമയത്താണ് അക്ഷയിന് അസ്വസ്ഥകള്‍ ആരംഭിച്ചത്. വായില്‍ നിന്ന് പത വന്ന അക്ഷയിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡില്‍ (മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്)നടന്ന പരീക്ഷ നിയമന തട്ടിപ്പാണ് വ്യാപം കുംഭകോണം. മധ്യപ്രദേശില്‍ പല ഉയര്‍ന്ന കോഴ്സുകളിലേക്കും സര്‍ക്കാര്‍ തസ്തികകളിലേക്കും പ്രവേശനത്തിനും നിയമനത്തിനുമുള്ള പരീക്ഷകള്‍ നടത്താനുള്ള ചുമതല മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡിനാണ്.
2008 മുതല്‍ 2013 വരെ ബോര്‍ഡ് നടത്തിയ വിവിധ പരീക്ഷകളില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തി. മെഡിക്കല്‍ പ്രവേശനപരീക്ഷാതട്ടിപ്പാണ് ഇതില്‍ പ്രധാനം. പരാതി പരിശോധിച്ച ഇന്‍ഡോര്‍ പൊലീസ് 2008 മുതല്‍ തട്ടിപ്പ് നടന്നുവരുന്നതായി കണ്ടെത്തി. ബോര്‍ഡ് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് തട്ടിപ്പ് നടത്താന്‍ സംസ്ഥാനവ്യാപകമായി ഒരു റാക്കറ്റുതന്നെ പ്രവര്‍ത്തിക്കുന്നതായും തെളിഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല