സ്വന്തം ലേഖകന്‍: മാര്‍പാപ്പ ലാറ്റിന്‍ അമേരിക്കയിലെത്തി, ആദ്യ സന്ദര്‍ശനം ഇക്വഡോറില്‍. തുടര്‍ന്ന് ബൊളീവിയ, പാരഗ്വായ് എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദര്‍ശിക്കും. പ്രധാനമായും മേഖലയിലെ ദരിദ്ര രാജ്യങ്ങളിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം.
റോമില്‍നിന്ന് 13 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്കു ശേഷം മാര്‍പാപ്പ ഇന്നലെ ഇക്വഡോര്‍ തലസ്ഥാനമായ ക്വിറ്റോയിലെത്തി. പരിസ്ഥിതി സംരക്ഷണത്തിന് ആഹ്വാനം ചെയ്യുന്ന ചാക്രിക ലേഖനത്തിനു ശേഷം മാര്‍പാപ്പ ആദ്യം സന്ദര്‍ശിക്കുന്നത് പരിസ്ഥിതി പ്രാധാന്യമുള്ള ഗാലപ്പഗോസ് ദ്വീപുകളുടെ നാടായ ഇക്വഡോറിലാണെന്നതു ശ്രദ്ധേയമാണ്.
ഇക്വഡോറിലെ നികുതി വര്‍ധനയ്ക്കെതിരെയും സര്‍ക്കാരിനെതിരേയും മറ്റും നടന്നുവരുന്ന പ്രക്ഷോഭങ്ങള്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രമാണിച്ച് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാര്‍പാപ്പ ഇന്ന് ഇക്വഡോറിലെ ഗ്വായാക്വില്‍ ദേവാലയത്തില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ലോസ് സമനെസ് പാര്‍ക്കില്‍ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.
ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കൊറയയ്ക്കൊപ്പം കറോന്ഡെലറ്റ് കൊട്ടാരം സന്ദര്‍ശിക്കുന്നതും ഇന്നാണ്. നാളെ ക്വിറ്റോയിലെ ബൈസെന്റെനിയല് പാര്‍ക്കിലും മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കും.
മറ്റന്നാളാണ് ബൊളീവിയ സന്ദര്‍ശനത്തിനു തുടക്കം. പ്രസിഡന്റ് ഇവോ മൊറാല്സിനൊപ്പം ലാ പാസിലെ സര്‍ക്കാര്‍ കൊട്ടാരം മാര്‍പാപ്പ സന്ദര്‍ശിക്കുന്നുണ്ട്. ഒന്‍പതിന് സാന്റാ ക്രൂസിലെ ക്രൈസ്റ്റ് ദ് റെഡീമര്‍ സ്ക്വയറില്‍ കുര്‍ബാനയര്‍പ്പിക്കും.
കുപ്രസിദ്ധമായ പാല്‍മസോള ജയില്‍കൂടി സന്ദര്‍ശിച്ച ശേഷമാകും അദ്ദേഹം പരാഗ്വായിലേക്ക് യാത്ര തിരിക്കുക. പത്തിന് പാരഗ്വായ് പ്രസിഡന്റ് ഹോറാസ്യോ കാര്ത്തെസിനൊപ്പം ലോപെസ് കൊട്ടാരം സന്ദര്‍ശിക്കുന്ന മാര്‍പാപ്പ അസന്സ്യോനിലെ ആശുപത്രിയിലും സന്ദര്‍ശനം നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല