സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ വ്യാപം അഴിമതിക്കേസ്, കൊലപാതക പരമ്പര തുടരുന്നു. ജബല്‍പൂര്‍ എന്‍എസ് മെഡിക്കല്‍ കോളജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മ്മയെയാണ് ദുരൂഹ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സഹായങ്ങള്‍ ചെയ്തുകൊടുത്തയാളാണ് ഡോ ശര്‍മ്മ.
നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 200 പേജുള്ള രേഖകള്‍ കൈമാറിയതിന് പിന്നാലെയാണ് ശര്‍മ്മയുടെ മരണമെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആരോപിച്ചു. നിരീക്ഷണ ക്യാമറകളുടെ സാന്നിധ്യത്തില്‍ ശര്‍മ്മയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്നും ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
മധ്യപ്രദേശിലെ വ്യാപം നിയമന അഴിമതിയുമായി ബന്ധപ്പെട്ട അഭിമുഖം തയ്യാറാക്കിയതിന് തൊട്ടുപിന്നാലെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ അക്ഷയ് സിങ്ങിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഡല്‍ഹി എയിംസിലേക്ക് അയക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. കേസിലെ സാക്ഷികളും പ്രതികളുമടക്കം 44 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.
ആരോപണ വിധേയരും സാക്ഷികളും മൊഴി നല്‍കിയവരുമെല്ലാം മരിച്ചവരില്‍ ഉള്‍പ്പെടും. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടതാണ് മധ്യപ്രദേശിലെ നിയമന അഴിമതി ആരോപണം. മണിക്കൂറുകള്‍ക്കിടയില്‍ ഉണ്ടായ ഈ രണ്ട് മരണങ്ങള്‍ കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.
ക്രമക്കേടുകള്‍, ദുരൂഹമരണങ്ങള്‍ എന്നിവ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷവും ആവശ്യപ്പെടുന്നത്. എന്നാല്‍, പ്രത്യേക അന്വേഷണ സംഘത്തില്‍നിന്ന് അന്വേഷണം മാറ്റേണ്ടതില്ലന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൗഹാന്‍ അന്വേഷണം പ്രത്യേക സംഘത്തെ കൊണ്ടുതന്നെ നടത്തിക്കുന്നത്. ക്രമക്കേടില്‍ ഉള്‍പ്പെട്ടവരില്‍ ചിലര്‍ക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല