സ്വന്തം ലേഖകന്‍: ഗ്രീക്ക് പ്രതിസന്ധി സംബന്ധിച്ച് ഇന്ന് നിര്‍ണായക ചര്‍ച്ച. ബ്രസല്‍സില്‍ നടക്കുന്ന ചര്‍ച്ചക്കായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാര്‍ എത്തിച്ചേര്‍ന്നു. ഗ്രീസിനെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള അന്തിമ നിര്‍ദേശങ്ങള്‍ ചര്‍ച്ചക്കൊടുവില്‍ ഉരുത്തിരിയുമെന്നാണ് പ്രതീക്ഷ.
ഗ്രീസിനോട് അന്തിമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ജര്‍മനിയും ഫ്രാന്‍സും ആവശ്യപ്പെട്ടിരുന്നു. അതിനിടെ യൂറോ സോണിലെ ചില രാജ്യങ്ങളുടെ അതൃപ്തിക്ക് പാത്രമായ ഗ്രീസ് ധനകാര്യമന്ത്രി യാനിസ് വറോഫാകിസ് കഴിഞ്ഞ ദിവസം രാജിവച്ചത് ചര്‍ച്ചകള്‍ക്ക് തിരിച്ചടിയായി. പുതുതായി സ്ഥാനമേറ്റ തിയ ധനകാര്യമന്ത്രിയാണ് യോഗത്തില്‍ ഇന്നത്തെ പങ്കെടുക്കുക. പുതിയ ധനകാര്യ മന്ത്രി യൂക്ലിഡ് സകാലോട്ടസാണ് ഇന്നു നടക്കുന്ന നിര്‍ണായ യോഗത്തില്‍ പങ്കെടുക്കുക.
ഇന്ന് നടക്കുന്ന യോഗത്തില്‍ ഗ്രീസ് രക്ഷാ പാക്കേജ് പദ്ധതി നിര്‍ദേശം വെക്കുമെന്നാണ് സൂചന. അടിയന്തിര യൂറോ സോണ്‍ യോഗത്തില്‍ ഗ്രീസിന്റെ ഭാവിയെ നിര്‍ണയിക്കുന്ന അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഗ്രീസില്‍ കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയില്‍ 63 ശതമാനം സര്‍ക്കാരിന് അനുകൂലമായാണ് വോട്ട് ചെയ്തത്. പുതിയ രക്ഷാ പാക്കേജ് സമര്‍പ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന് വച്ച നിര്‍ദേശങ്ങളിലായിരുന്നു ജനഹിത പരിശോധന.
പരിശോധനാ ഫലം യൂണിയന് എതിരായ സാഹചര്യത്തില്‍ ഏതു തരം പദ്ധതിയാണ് ഗ്രീസിനെ യൂറോ സോണില്‍ നിലനിര്‍ത്താന്‍ വേണ്ടതെന്ന് യോഗം ചര്‍ച്ച ചെയ്യും. ഗ്രീസിനു മേല്‍ യൂറോപ്യന്‍ ബാങ്കിന്റെ ശക്തമായ സമ്മര്‍ദ്ദമാണുള്ളത്. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ തുറക്കുന്നത് ഗുണമാകില്ല എന്നതിനാല്‍ വ്യാഴാഴ്ച വരെ ബാങ്കുകള്‍ അടച്ചിടുന്നത് തുടരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല