സ്വന്തം ലേഖകന്‍: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കീഴ്ടടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ ശരത് പവാര്‍ അനുവദിച്ചില്ലെന്ന് ശിവസേന മുഖപത്രം. എന്‍.സി.പി നേതാവായ ശരത് പവാര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരിക്കേയാണ് ദാവൂദ് കീഴടങ്ങാന്‍ താത്പര്യം അറിയിച്ചത്. എന്നാല്‍ ചില ഉപാധികളും ദാവൂദ് മുന്നോട്ടു വച്ചു.
പൊലീസ് കസ്റ്റഡിയിലെ പീഡനങ്ങള്‍ ഒഴിവാക്കുന്നത് അടക്കമുള്ള നിബന്ധനകളായിരുന്നു ദാവൂദിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദാവൂദിന്റെ കീഴടങ്ങല്‍ വാഗ്ദാനം ശരത് പവാര്‍ നിരസിച്ചതെന്നും പത്രം കുറ്റപ്പെടുത്തുന്നു.
എന്നാല്‍ ഇച്ഛാശക്തിയുണ്ടെങ്കില്‍ ദാവൂദിനെ പിടികൂടി ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഇനിയും കഴിയുമെന്ന് ശിവസേന പറയുന്നു. ഉസാമ ബിന്‍ ലാദനെ പാകിസ്താനില്‍ പോയി അമേരിക്കന്‍ കമാന്‍ഡോകള്‍ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ പരാമര്‍ശം.
ലാദന് കീഴടങ്ങുന്നത് വരെ കാത്തിരിക്കാനോ വിലപേശാനോ അമേരിക്ക തുനിഞ്ഞില്ലെന്നും സേനയുടെ മുഖപത്രമായ സാംമ്നയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ മുഖ്യമന്ത്രിയായിരുന്ന സമയത്ത് പവാറിന് ദാവൂദുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ഡെ ആരോപിച്ചു.
ദാവൂദിനെ പിടികൂടി ഇന്ത്യയിലെത്തിക്കുകയെന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും മുണ്ഡെ പറഞ്ഞു. ദാവൂദ് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ച സമയത്ത് പവാറായിരുന്നു മുഖ്യമന്ത്രിയെങ്കിലും അന്നത്തെ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുത്തതെന്നും മുണ്ഡെ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല