1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2015

സ്വന്തം ലേഖകന്‍: വിയറ്റ്‌നാമും അമേരിക്കയും അടുക്കുന്നു, വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ഒബാമയെ കണ്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ച.

വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി നുയെന്‍ ഫു ട്രോങ് ആണ് യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയത്. വൈറ്റ് ഹൌസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഇതാദ്യമായാണ് ഒരു വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വൈറ്റ് ഹൌസ് സന്ദര്‍ശിക്കുന്നത്.

പഴയ ശത്രുക്കള്‍ മിത്രങ്ങളായിരിക്കുന്നു എന്നും ഈ ബന്ധം ഭാവിയിലും തുടരുമെന്നും ഫു ട്രോങ് പറഞ്ഞു. പ്രതിരോധ വിഷയങ്ങളും സൌത്ത് ചൈന സീയിലെ ദ്വീപുകളെ ചൊല്ലി ചൈനയുമായുള്ള തര്‍ക്കങ്ങളുമാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

20 വര്‍ഷം മുമ്പാണ് വിയറ്റ്‌നാമും യുഎസുമായുള്ള ബന്ധം സാധാരണഗതിയിലായത്. നയതന്ത്ര ബന്ധങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായെന്നാണ് വിയറ്റ്‌നാമിന്റെ അഭിപ്രായം. അതേസമയം, വിയറ്റ്‌നാമുമായുള്ള വ്യാപാരബന്ധം പുനസ്ഥാപിക്കുന്നതില്‍ അമേരിക്കയില്‍നിന്നുതന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. വിയറ്റ്‌നാം സന്ദര്‍ശിക്കാനുള്ള ഫു ട്രോങിന്റെ ക്ഷണം ഒബാമ സ്വീകരിച്ചു.

ഇതോടെ ഏറെക്കാലമായി പിണങ്ങി നിന്നിരുന്ന രണ്ടു രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുകയാണ്. അമേരിക്കയുടെ അയല്‍ക്കാരനായ ക്യൂബയാണ് രണ്ടാമത്തെ രാജ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.