സ്വന്തം ലേഖകന്‍: പ്രേമത്തിന്റെ വ്യാജന് ഇറങ്ങിയ സംഭവുമായി ബന്ധപ്പെട്ട് സംവിധായകന് അല്‍ഫോന്‍സ് പുത്രന്റെ മൊഴിയെടുത്തു. ആലുവയിലെ ഫ്ലാറ്റില്‍ വച്ചാണ് ആന്റി പൈറസി സെല്‍ സംവിധായകന്റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് 8 മണിക്കൂറോളം നീണ്ടുനിന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണ പുരോഗതിയില്‍ തൃപ്തനാണെന്നും വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ താനാണെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു. ഇന്നലെ ഉച്ചയോടെ കൊച്ചിയില്‍ എത്തിയ സൈബര്‍ സെല്‍ ഡി.വൈ.എസ്.പി ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രേമം സിനിമയുമായി സഹകരിച്ച സാങ്കേതിക പ്രവര്‍ത്തകരില്‍ നിന്നും മൊഴിയെടുത്ത ശേഷമാണ് മൂന്നരയോടെയാണ് അല്‍ഫോണ്‍സ് പുത്രന്റെ ആലുവയിലെ ഫ്ലാറ്റില്‍ എത്തിയത്.
ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചതും അല്‍ഫോണ്‍സ് പുത്രന് തന്നെയാണ്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ലോഗിംഗ് റെക്കോര്‍ഡുകള്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണ സംഘം പരിശോധിച്ചു. കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് അടക്കമുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാക്കും. സിനിമയുടെ എഡിറ്റിങ്ങിലെയും സെന്‍സര്‍ കോപ്പിയിലെയും ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരില്‍ കാണുകയും ചെയ്തു.
തെളിവുകള്‍ ലഭിച്ചെങ്കിലും ആരിലേക്കും നയിക്കത്ത തരത്തില്‍ കൃത്യമായ സൂചന ലഭിച്ചിട്ടില്ലെന്നാണ് സൈബര്‍ സെല്‍ പറയുന്നത്. അന്വേഷണ പുരോഗതിയില്‍ തൃപ്തനാണെന്ന് അല്‍ഫോണ്‍സ് പുത്രന് പറഞ്ഞു. വ്യാജ പതിപ്പ് താനാണ് പുറത്തുവിട്ടതെന്ന വാര്‍ത്തകള്‍ ശരിയല്ല. താനും അന്‍വര്‍ റഷീദുമായി അഭിപ്രായ വ്യത്യാസമില്ല. തന്റെ കമ്പ്യൂട്ടറില്‍ നിന്നും സിനിമയുടെ പകര്‍പ്പുകള്‍ ആര്‍ക്കൊക്കെ കൈമാറിയെന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്.
വ്യാജ പതിപ്പ് പുറത്തായതുമായി ബന്ധപ്പെട്ട് പ്രേമം സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്ന ചെന്നൈയിലെ ഫോര്‍ ഫ്രയിംസ് സ്റ്റുഡിയോയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. നേരത്തെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത് തടയുന്നതിനള്ള നടപടികള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പ്രേമത്തിന്റെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദ് താന്‍ അംഗമായ ചലച്ചിത്ര സംഘടനകളില്‍ നിന്ന് രാജിവച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല