സ്വന്തം ലേഖകന്‍: ചൈനയില്‍ ഓഹരി വിപണി കൂപ്പുകുത്തിയതിനെ തുടര്‍ന്ന് ലോകവിപണികളില്‍ ആശങ്ക പടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യാപാരം തകര്‍ച്ചയില്‍ അവസാനിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയടക്കകുള്ള ലോകത്തെ പ്രധാന വിപണികളില്‍ തകര്‍ച്ച പ്രതിഫലിച്ചു.
ആഗോള സാമ്പത്തിക രംഗത്തെ മുഴുവന്‍ പിടിച്ചുലച്ച 2008 ലെ സാമ്പത്തിക മാന്ദ്യത്തിലും ഇളകാതെ നിന്ന ചൈനീസ് ഓഹരി വിപണി കഴിഞ്ഞ ദിവസം വന്‍ തകര്‍ച്ചയെയാണ് അഭിമുഖീകരിച്ചത്. ഷാങ്ഹായ്, ഷെന്‍ഷെന്‍ ഓഹരിവിപണികളില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. അഞ്ഞൂറോളം ഓഹരിയുടമകളാണ് ഈ രണ്ട് വിപണികളില്‍ നിന്നുമായി പിന്‍വലിഞ്ഞത്.
എന്നാല്‍ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കുന്നുണ്ടെങ്കിലും വലിയ തകര്‍ച്ചയുടെ ആശങ്ക സാമ്പത്തിക വിദഗ്ദ്ധരെ വിട്ടൊഴിഞ്ഞിട്ടില്ല. പ്രശ്നപരിഹാരങ്ങള്‍ക്കായി ചൈനീസ് സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചു. ഓഹരികളുടെ വില്‍പ്പനക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചൈനീസ് ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനം ഇന്ത്യന്‍ ഓഹരിസൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്സ് മുന്നൂറോളം പോയിന്റും നിഫ്റ്റി 80 പോയിന്റുമാണ് ഇന്നലെ ഇടിഞ്ഞത്. വിപണി പിന്നീട് തിരിച്ചു വന്നെങ്കിലും ചൈനീസ് ഓഹരി വിപണിയിലെ ഏതൊരു ചലനവും ഇന്ത്യന്‍ വിപണിയെ ബാധിക്കുമെന്നതിനാല്‍ ഇപ്പോഴത്തെ സ്ഥിതിഗതികളെ സാമ്പത്തിക വിദഗ്ദ്ധര്‍ അതീവ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.
ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നീങ്ങുകയാണെങ്കില്‍ ലോക വ്യാപാരത്തെ തന്നെ അത് ബാധിക്കുമെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മറ്റു ഏഷ്യന്‍ സൂചികകളായ ജപ്പാന് കൊറിയ ഓസ്ട്രേലിയ ഓഹരി സൂചികകളില്‍ വലിയ നഷ്ടം പ്രതിഫലിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല