സ്വന്തം ലേഖകന്‍: ഐഎസ്എല്‍ താരലേലം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയൊടെ മലയാളി കളിക്കാര്‍. ഐഎസ്എല്‍ രണ്ടാം സീസണ്‍ ലേലമാണ് ഇന്ന് നടക്കുക. എ അനസ്, റിനോ ആന്റോ എന്നിവരുള്‍പ്പെടെ എട്ട് മലയാളികളാണ് ലേലത്തിനുള്ളത്. പ്രഥമ ഐഎസ്എല്ലില്‍ ഇടം ലഭിക്കാതെ പോയ ദേശീയ താരങ്ങളും ആഭ്യന്തര കളിക്കാരും ലേലത്തിലുണ്ട്.
80 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള സുനില്‍ ഛേത്രിയാണ് ഇന്ത്യന്‍ കളിക്കാരിലെ ഏറ്റവും വില കൂടിയ താരം. തൊട്ടടുത്തുള്ളത് ഗോള്‍കീപ്പര്‍ കരണ്‍ജിത് സിങാണ്. 60 ലക്ഷം രൂപ. ഇന്ത്യന്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ ഓരോ ടീമിനും 5.5 കോടി രൂപവരെ ചെലവിടാം. വിദേശികളും ഇന്ത്യക്കാരും ഉള്‍പ്പെടെ ആകെ 25 കളിക്കാരെ ഓരോ ടീമിനും സ്വന്തമാക്കാമെന്നാണു വ്യവസഥ.
സുനില്‍ ഛേത്രി, റോബിന്‍ സിങ്, തൊയി സിങ്, അനസ് ഇടത്തൊടിക്ക, കരണ്‍ജിത് സിങ്, അരറ്റ ഇസുമി എന്നിവര്‍ സ്വതന്ത്ര ഏജന്റുമാരായിട്ടാണ് ഐഎസ്എല്ലുമായി കരാറൊപ്പിട്ടിരിക്കുന്നത്. ജാക്കിചന്ദ് സിങ്, സൈത്യ സെന്‍, റിനോ ആന്റോ, യൂജിന്‍സണ്‍ ലിങ്‌ദോ തുടങ്ങിയവര്‍ ലോണ്‍ വ്യവസ്ഥയിലും കളിക്കും. മലയാളി താരം അനസ് ഇടത്തൊടിക്കയ്ക്ക് 40ലക്ഷം രൂപയാണ് അടിസ്ഥാന പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. 2015 ഐ എസ് എല്ലിന് വേണ്ടി 113 ഇന്ത്യന്‍ താരങ്ങളുടെ സമഗ്രമായ ലിസ്റ്റും എഫ്. എസ്.ഡി.എല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദേശീയ ടീം അംഗങ്ങളുടെ ലേലം രാവിലെ 10 മുതല്‍ 12.30 വരെയാണ്. തുടര്‍ന്ന് ഐഎസ്എല്‍ സംഘാടകര്‍ തയാറാക്കിയ 114 പേരുടെ പട്ടിക അടിസ്ഥാനമാക്കിയുള്ള ലേലം 1.30നു തുടങ്ങും. സി.കെ. വിനീത്, ജസ്റ്റിന്‍ സ്റ്റീഫന്‍, സുഷാന്ത് മാത്യു, സക്കീര്‍ മുണ്ടംപാറ, ബി. ബിനീഷ്. കെ. ആസിഫ് എന്നിവരാണ് പട്ടികയിലുള്ള മറ്റു മലയാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല