സ്വന്തം ലേഖകന്‍: ‘ലോറന്‍സ് ഓഫ് അറേബ്യ’ ഒമര്‍ ഷെരീഫ് യാത്രയായി, മരണം ഹൃദയ സ്തംഭനം മൂലം. ലോകസിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരില് ഒരാളായിരുന്നു ഒമര്‍ ഷരീഫ്. അവസാന കാലത്ത് മറവിരോഗത്തിന്റെ പിടിയിലായിരുന്ന ഒമര്‍ 83 മത്തെ വയസിലാണ് അന്തരിച്ചത്.
റഷ്യന്‍ എഴുത്തുകാരന് ബോറിസ് പാസ്റ്റര്‍നാക്കിന്റെ നോവല്‍ ഡോക്ടര്‍ ഷിവാഗോ ആസ്പദമാക്കിയെടുത്ത സിനിമയിലെ നായകകഥാപാത്രമായും ഇതിഹാസചിത്രമായ ലോറന്‍സ് ഓഫ് അറേബ്യയിലെ സഹനടനായുമാണ് ഒമര്‍ ഷരീഫ് ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ ഹൃദയം കവര്‍ന്നത്.
ഹോളിവുഡ് താരസിംഹാസനം സ്വന്തമാക്കിയ അപൂര്‍വം അറബ് അഭിനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ചെങ്കിസ് ഖാന്, ദി യെലോ റോള്‍സ് റോയ്സ്, ദ് നൈറ്റ് ഓഫ് ദ് ജനറല്‍സ്, ഫണ്ണി ഗേള്‍, മേയര്‍ലിങ്, മക്കെന്നാസ് ഗോള്‍ഡ്, ദി അപ്പോയ്ന്റ്മെന്റ്, ചെ! തുടങ്ങിയവയാണ് ഒമര്‍ ഷരീഫ് വേഷമിട്ട പ്രശസ്തമായ മറ്റു ചിത്രങ്ങള്‍.
ഈജിപ്ഷ്യന്‍ ചിത്രമായ ബ്ലേസിങ് സണിലൂടെ അരങ്ങേറ്റം കുറിച്ച ഷെറിഫ് ഇന്‍ഗ്രിഡ് ബെര്‍ഗ്മാനും സോഫിയ ലോറനുമുള്‍പ്പെടെയുള്ള അതുല്യപ്രതിഭകള്‍ക്കൊപ്പം ഒട്ടേറെ മികച്ച ഹോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടു. ലോറന്‍സ് ഓഫ് അറേബ്യയിലെ അഭിനയത്തിന് സഹനടനുള്ള ഓസ്കാര്‍ നാമനിര്‍ദേശം ലഭിച്ച ഷരീഫിന് 2003ല്‍ മെസ്യെ ഇബ്രാഹിം എന്ന ഫ്രഞ്ച് ചിത്രത്തിലെ വേഷത്തിന് വെനിസ് ചലച്ചിത്രോല്‍സവത്തില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. ഹോളിവുഡ് താരമായി യുഎസിലേക്കു ചേക്കേറിയെങ്കിലും അടുത്തിടെ ജന്മനാടായ ഈജിപ്തില്‍ തിരികെയെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല