സ്വന്തം ലേഖകന്‍: സൗദി മുന്‍ വിദേശകാര്യ മന്ത്രി സഊദ് അല്‍ ഫൈസല്‍ അന്തരിച്ചു. ഇന്നലെ രാത്രി അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം. 1975ല്‍ മുതല്‍ സൗദി വിദേശകാര്യ മന്ത്രിയായിരുന്ന അദ്ദേഹം 2015 ഏപ്രില്‍ 29നാണ് ചുമതല ഒഴിഞ്ഞത്. ശനിയാഴ്ച്ച ഇശാ നമസ്കാരാനന്തരം മക്കയില്‍ ഖബറടക്കം നടക്കുമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.
നാലുപതിറ്റാണ്ടോളം സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ച സഊദ് അല്‍ ഫൈസല്‍ രാജ്യത്തിന്റെ വിദേശ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച രാജകുടുംബാംഗമാണ്. പുറംവേദനക്ക് ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്നലെ അമേരിക്കയില്‍ ലോസ് ഏഞ്ചല്‍സിലെ വീട്ടിലായിരുന്നു അന്ത്യം. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് 1963ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സുഊദ് പിതാവ് ഫൈസല്‍ രാജാവിന്റെ ഭരണകാലത്ത് 1964ല്‍പെട്രോളിയം മിനറല്‍ വകുപ്പില്‍ സാമ്പത്തികോപദേഷ്ടാവായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
പിന്നീട് 1975ല്‍ അന്നത്തെ ഭരണാധികാരി ഖാലിദ് രാജാവാണ് അമീര്‍ സഊദിനെ വിദേശകാര്യ ചുമതല ഏല്‍പ്പിച്ചത്. തുടര്‍ന്ന് 2015 വരെ 40 വര്‍ഷം നീണ്ടകാലം വിദേശമന്ത്രി പദത്തിലിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഈ പദവി അലങ്കരിച്ച വ്യക്തി എന്നഖ്യാതിയോടെയാണ് അദ്ദേഹം കഴിഞ്ഞ ഏപ്രിലില്‍ ചുമതലയില്‍നിന്ന് പിന്മാറിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ പദവിയില്‍ നിന്ന് ഒഴിവാക്കികൊടുത്ത സല്മാന് രാജാവ് തുടര്‍ന്ന് രാജാവിന്റെ വിദേശത്തേക്കുള്ള പ്രത്യേകദൂതനും ഉപദേഷ്ടാവുമായി കാബിനറ്റ് റാങ്കില്‍ പുനര്‍നിയമനം നല്‍കിയിരുന്നു. ബഹുഭാഷാ പണ്ഡിതനും ലോകത്തെ പേരെടുത്ത വിദേശ നയതന്ത്രജ്ഞരില്‍ ഒരാളുമായിരുന്നു അമീര്‍ സഊദ് അല്‍ ഫൈസല്‍.
അറബ് മുസ്ലിം ലോകത്തെ പ്രതിസന്ധിയിലാക്കിയ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സൗദി അറേബ്യയുടെ ശക്തമായ വിദേശ നയം രൂപപ്പെടുത്തുന്നതിന് കാര്‍മ്മികത്വം കൊടുത്ത കരുത്തനായ അറബ് നേതാവ് കൂടിയാണ് സഊദ് അല്‍ ഫൈസലിന്റെ വിയോഗത്തോടെ വിടപറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല