സ്വന്തം ലേഖകന്‍: മോഷണക്കുറ്റം ആരോപിച്ച് ധാക്കയില്‍ പതിമൂന്നുകാരനെ മര്‍ദ്ദിച്ചു കൊല്ലുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. റിക്ഷാ വാന്‍ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് പതിമൂന്നുകാരനായ പയ്യനെ നാലു പേര് ചേര്‍ന്നു മൃഗീയമായി കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ഫെയ്സ്ബുക്കിലൂടെ പുറത്തുവന്നത്.
വീഡിയോ വൈറലായത് വന്‍ പ്രതിഷേധത്തിനിടയാക്കി. കുമാര്ഗാവില് പച്ചക്കറിക്കച്ചവടം നടത്തുന്ന സമിയുല്‍ അലാം രാജന് ആണ് കൊലചെയ്യപ്പെട്ടത്. തൂണില്‍ കെട്ടിയിട്ട് 30 മിനിറ്റോളം മര്‍ദിച്ചാണ് ബാലനെ കൊന്നത്. മൃഗീയ പീഡനം വിഡിയോയില്‍ പകര്‍ത്തി അക്രമികളില്‍ ഒരാള്‍ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഈ മാസം എട്ടിനായിരുന്നു കൊലപാതകം.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. നാല് അക്രമികളില്‍ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മറ്റു രണ്ടു പേര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. ബാലന്റെ ദേഹത്ത് 64 മുറിവുകളുണ്ടെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല