ഇറ്റാലിയന്‍ നാവികര്‍ ഉള്‍പ്പെട്ട കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ ആവശ്യമനുസരിച്ച് രാജ്യാന്തര മധ്യസ്ഥതക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു.കടലിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഐക്യരാഷ്ട്രസഭ തയാറാക്കിയ കരാറില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുള്ള സാഹചര്യത്തിലാണിത്.
തര്‍ക്കവിഷയങ്ങളില്‍ ഏതെങ്കിലും രാജ്യം രാജ്യാന്തര മധ്യസ്ഥത ആവശ്യപ്പെട്ടാല്‍ മറ്റേ രാജ്യവും അത് അംഗീകരിക്കണമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥ. മറീനുകളെ വിചാരണ ചെയ്യാനുള്ള ഇന്ത്യയുടെ അവകാശം രാജ്യാന്തര മധ്യസ്ഥര്‍ക്കു മുന്നില്‍ ഉന്നയിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ കോടതിയെ അറിയിച്ചു.
ആരോഗ്യപരമായ കാരണങ്ങളാല്‍ കേസിലെ പ്രതിയായ മാസിമിലാനോ ലത്തോറെയ്ക്ക് ഇന്ത്യയില്‍ മടങ്ങിയെത്താന്‍ കോടതിക്ക് എത്ര വേണമെങ്കിലും സാവകാശം അനുവദിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചു. തുടര്‍ന്ന് കേസിലെ പ്രതിയായ മാസിമിലാനോ ലത്തോറെയ്ക്ക് ആറുമാസം കൂടി ഇറ്റലിയില്‍ തുടരാന്‍ സുപ്രീംകോടതി അനുമതി നല്‍കി.
രാജ്യാന്തര മധ്യസ്ഥതയ്ക്കു നടപടി തുടങ്ങിയതിനാല്‍ കേസിലെ ഇന്ത്യയിലെ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഇറ്റലിയുടെ ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കേസ് സുപ്രീംകോടതി അടുത്തമാസം ഇരുപത്തിയാറിനു പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല