സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ സ്തംഭിച്ച് നില്ക്കുന്ന ഗ്രീസിന്റെ കടം തീര്‍ക്കുന്നതിനായി ബ്രിട്ടീഷ് നികുതി ദായകരുടെ പണം ഉപയോഗിക്കില്ലെന്ന് ട്രെഷറി സ്രോതസ്സുകളെ ഉദ്ധരിച്ച് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനിലെ ആകെ അംഗരാജ്യങ്ങളുടെ പണം ഉപയോഗിച്ച് ഗ്രീസിന് ബെയില്‍ ഔട്ട് നല്‍കാനുള്ള നീക്കം നടക്കാന്‍ പോകുന്നില്ലെന്ന് ചാന്‍സിലര്‍ ജോര്‍ജ് ഓസ്ബോണ്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ആളുകളോട് പറഞ്ഞു.
ഇയു വൈഡ് എമര്‍ജന്‍സി ഫണ്ട് ബെയില്‍ ഔട്ടിനായി ഉപയോഗിക്കരുതെന്നാണ് യൂറോപ്യന്‍ യൂണിയന്റെ വ്യവസ്ഥ. ആ പണം ഗ്രീസിന് നല്കാന് തീരുമാനിച്ചാല്‍ അത് വ്യവസ്ഥകളുടെ ലംഘനമാണ്. ഇക്കാര്യം യൂറോപ്യന്‍ യൂണിയന് യോഗത്തില്‍ ജോര്‍ജ് ഓസ്ബോണ്‍ അറിയിക്കും എന്നാണ് സൂചന. 28 ഇയു അംഗരാജ്യങ്ങളില്‍നിന്നുള്ള ധനമന്ത്രിമാര്‍ ബ്രസല്‍സില്‍ ഉടന്‍ യോഗം ചേരുന്നുണ്ട്.
നേരത്തെ യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലൈസേഷന്‍ മെക്കാനിസം (ഇഎഫ്എസ്എം) ഫണ്ട് ഉപയോഗിച്ച് അയര്‍ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്ക് ബെയില്‍ഔട്ട് നല്‍കിയിരുന്നു. ഇതിന്ശേഷമാണ് ഇനി ഈ ഫണ്ട് ഉപയോഗിച്ച് മറ്റൊരു രാജ്യത്തിനും ബെയില്‍ഔട്ട് ഉണ്ടാകില്ലെന്ന വ്യവസ്ഥ കൊണ്ടു വന്നത്. 2010ല്‍ ഡേവിഡ് കാമറൂണ്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല