സ്വന്തം ലേഖകന്‍: ആളുമാറി ബലാത്സംഗ കേസില്‍ പ്രതിയായി, ജയിലില്‍ പൊഴിഞ്ഞത് ഏഴു വര്‍ഷം. ഹോട്ടല്‍ മാനേജ്!മെന്റ് ബിരുദധാരിയായ ഗോപാല്‍ ഷെട്ടിക്കാണ് ചെയ്യാത്ത കുറ്റത്തിന് ഏഴു വര്‍ഷം ഹോമിക്കേണ്ടി വന്നത്. മുംബൈ ഘട്ടകോപറിലെ ഒരു റെസ്റ്റേറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുമ്പോഴാണ് ഷെട്ടി കേസില്‍ കുടുങ്ങിയത്.
2009 ല്‍ ഔറംഗാബാദ് സ്വദേശിയായ യുവതി തെരുവില്‍ ബലാത്സംഗം ചെയ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ആക്രമി അവളോട് പറഞ്ഞിരുന്ന പേര് ഗോപി എന്നായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഓട്ടോറിക്ഷയില്‍ പ്രതിതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൊലീസ് എത്തിയതോടെ മുങ്ങി.
തുടര്‍ന്ന് കുര്‍ള റെയില്‍വെ പോലീസ് സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തത് ഗോപാല്‍ ഷെട്ടിയെ. പ്രതിയെ കുറിച്ച് യുവതി നല്കിയ വിവരങ്ങള്‍ പ്രകാരം അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ട പ്രതിയുടെ മുഖവുമായുള്ള സാദ്യശ്യം മാത്രമാണ് ഗോപാലിന്റെ അറസ്റ്റിന് ഇടയാക്കിയത്.
ഇരയുടെ മുന്നില്‍ ഒരിക്കലും തിരിച്ചറിയല്‍ പരേഡിന് ഗോപാലിനെ പൊലീസ് ഹാജരാക്കിയില്ല. ഗോപാലിനെ ആരെങ്കിലും അന്നുവരെ ഗോപി എന്ന് വിളിച്ചിരുന്നെന്നതിന് തെളിവില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പ്രകാരമാണ് അറസ്റ്റ് എന്ന് പറഞ്ഞെങ്കിലും പൊലീസ് ഒരിക്കലും തെളിവായി സിസിടിവി ദൃശ്യങ്ങളെ കോടതിയില്‍ ഹാജരാക്കിയില്ല. ഇരയെയും ഹാജരാക്കിയില്ല. പക്ഷേ, ഏഴുവര്‍ഷത്തെ തടവ് ശിക്ഷ ഗോപാല്‍ ഷെട്ടിക്ക് ലഭിച്ചു.
തുടര്‍ന്ന് കഴിഞ്ഞ മാസം പത്തിനാണ് നിരപരാധിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുംബൈ ഹൈക്കോടതി ഷെട്ടിയെ ജയില്‍ മോചിതനാക്കിയത്. എന്നാല്‍ ഏഴു വര്‍ഷം ഷെട്ടിയുടെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റം ഭീകരമായിരുന്നു. അദ്ദേഹത്തിന്റെ അച്ഛന് മരിച്ചു, ഭാര്യ വേറെ വിവാഹം കഴിച്ചു, മക്കള്‍ അനാഥാലയത്തിലായി, ആരും സംരക്ഷിക്കാന്‍ ഇല്ലാതെ അമ്മ നാടുവിട്ടു പോയി.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇതുവരെ ഒരു ജോലി കണ്ടുപിടിക്കാന്‍ അദ്ദേഹത്തിന് ആയിട്ടില്ല. തന്റെ നഷ്ടപ്പെട്ട ജീവിതത്തിന് മുഖ്യമന്ത്രിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആസാദ് മൈതാനത്തില്‍ നിരാഹാര സമരത്തിലാണ് ഇന്ന് ഗോപാല്‍ ഷെട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല