1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാരിയെ യു.എ.ഇ. നാടുകടത്തി. ജോഡി മാഗി (39) എന്ന ഓസ്‌ട്രേലിയക്കാരിയെയാണ് അബുദാബി പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കുകയും പിന്നീട് ബാങ്കോക്കിലേക്ക് നാടുകടത്തുകയും ചെയ്തത്. ഭിന്നശേഷിയുള്ള ആളുകള്‍ക്കായി അനുവദിച്ചിരിക്കുന്ന കാര്‍ പാര്‍ക്കിംഗ് സ്‌പേസില്‍ മറ്റൊരാള്‍ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് അബുദാബി പൊലീസിന്റെ നടപടി.

ജൂലൈ 12 ന് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബാങ്കോക്കിലേക്ക് നാടുകടത്താന്‍ അബുദാബി തീരുമാനിച്ചത്.

ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അബുദാബിയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപം ഭിന്നശേഷിയുളള ഡ്രൈവര്‍മാര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്ത് അനധികൃതമായി പാര്‍ക്ക് ചെയ്ത ഒരു കാറിന്റെ ചിത്രം പോസ്റ്റ് ചെയ്തതാണ് വിവാദമായത്. ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ പ്രസ്താവനയും പോസ്റ്റുചെയ്തു എന്നായിരുന്നു ആരോപണം. 10,000 ദിര്‍ഹം പിഴയടച്ച ശേഷം ജോഡിയെ നാടുകടത്തണമെന്നായിരുന്നു കോടതി വിധി.

എന്നാല്‍, താന്‍ അപകീര്‍ത്തികരമായ പ്രസ്താവനയൊന്നും പോസ്റ്റു ചെയ്തിട്ടില്ല എന്നും അനധികൃതമായി പാര്‍ക്കു ചെയ്തിരുന്ന കാറിന്റെ ചിത്രം മാത്രമാണ് പോസ്റ്റുചെയ്തതെന്നും ജോഡി പറയുന്നു. ചിത്രത്തില്‍ ലൈസന്‍സ് നമ്പര്‍ അവ്യക്തമാക്കിയിരുന്നു. 53 മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചിരുന്ന തന്നെ നഗ്‌നയാക്കി പരിശോധിച്ചു എന്നും വെറും നിലത്ത് കിടത്തി എന്നും ഇവര്‍ തന്റെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തി. തനിക്ക് ടോയ്‌ലറ്റ് സൗകര്യമോ ഭക്ഷണം കഴിക്കാനുളള പാത്രങ്ങളോ നല്‍കിയിരുന്നില്ല എന്നും ജോഡി കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.