സ്വന്തം ലേഖകന്‍: മദ്യനയം, അറ്റോര്‍ണി ജനറലിനെതിരെ ആരോപണ ശരങ്ങളുമായി ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. സുപ്രധാന കേസുകളില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ ഇടപെടലുകള്‍ സംബന്ധിച്ച് രൂക്ഷമായ ആരോപണങ്ങളാണ് സുബ്രഹ്മണ്യന് സ്വാമിയുടെ കത്തിലുള്ളതെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരായി ബാറുടമകള്‍ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിക്കുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയായിരുന്നു. എജിയുടെ ഈ നടപടി വന്‍ വിവാദമായതോടെയാണ് മറ്റുകേസുകളിലെ ഇടപെടലുകളേയും ചൂണ്ടിക്കാണിച്ച് സുബ്രഹ്മണ്യന് സ്വാമി നരേന്ദ്ര മോദിക്ക് കത്തയച്ചത്.
ജഡ്ജിമാരുടെ നിയമത്തിനുള്ള ജുഡീഷ്യല്‍ നിയമന കമ്മിഷനെതിരായ ഹര്‍ജിയില്‍ അറ്റോര്‍ണി ജനറലിന്റെ ഇടപെടലുകള്‍ കോടതിയിലും അഭിഭാഷകര്‍ക്കിടയിലും വലിയ വിമര്‍ശനത്തിനിടയാക്കിയെന്ന് സുബ്രഹ്മണ്യന് സ്വാമി കത്തില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയിലെ വനിതാ ജഡ്ജിനെതിരായ അറ്റോര്‍ണി ജനറലിന്റെ വ്യക്തിപരമായ പരാമര്‍ശവും ഉചിതമായില്ല.
ഐ.ടി.നിയമത്തിലെ വിവാദ വകുപ്പ് റദ്ദാക്കിയ കേസിലും ക്രിമിനല്‍ മാനനഷ്ടക്കേസിന്റെ നിയമസാധുതയെക്കുറിച്ചുള്ള കേസിലും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരുടെ പ്രവര്‍ത്തനം സര്‍ക്കാരിന് ചീത്തപ്പേര് സൃഷ്ടിക്കാന്‍ മാത്രമാണ് ഉപകരിച്ചതെന്നും സ്വാമി ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫിസ് കത്തിലെ ആരോപണങ്ങള്‍ പരിഗണിച്ചുവരികയാണെന്നും തല്ക്കാലം കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സുബ്രഹ്മണ്യന് സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
ബാറുടമകള്‍ക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായതിനേയും സുബ്രഹ്മണ്യന് സ്വാമി വിമര്‍ശിച്ചിരുന്നു. മദ്യമുതലാളിമാര്‍ക്കുവേണ്ടി എജി കേരള ഹൈക്കോടതിയില്‍ പോയി വാദിക്കുമോയെന്നായിരുന്നു സ്വാമിയുടെ ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല