സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയാന്‍ സാധ്യത തെളിയുന്നു. ഇക്കാര്യത്തില്‍ ഇറാന്‍ പരമോന്നത നേതൃത്വത്തിന്റെയും അമേരിക്കന്‍ കോണ്‍ഗ്രസിന്റേയും നിലപാടുകള്‍ നിര്‍ണായകമാകും.
ഡെമോക്രാറ്റുകള്‍ ന്യൂനപക്ഷമായ കോണ്‍ഗ്രസ് കരാറിനെതിരെ ശക്തമായി നിലനിന്നാല്‍ കരാര്‍ നടപ്പാക്കാനാകാതെ വന്നേക്കാം. എണ്ണ വിപണിയെയാണ് കരാര്‍ നേരിട്ട് ആദ്യം ബാധിക്കുക. ഇറാന്റെ എണ്ണ സമ്പത്ത് കൂടുതല്‍ ഫലപ്രദമായി വിപണനം നടത്താന്‍ ഈ കരാര്‍ വഴിയൊരുക്കും. ഉപരോധം നീങ്ങുന്നതോടെ ഇറാനില്‍ നിന്നുള്ള എണ്ണയുത്പന്നങ്ങള്‍ വന്‍ തോതില്‍ കമ്പോളത്തില്‍ എത്തും.
ഇത് ക്രൂഡ് ഓയില്‍ വില കുറയുന്നതിന് വഴിവെച്ചേക്കാം. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് ഗുണകരമായിരിക്കും. ഇന്നലെ കരാര്‍ വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ 2.3 ശതമാനമാണ് ക്രൂഡ് വില താഴ്ന്നത്. എന്നാല്‍ പിന്നീട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ നിലപാട് സംബന്ധിച്ച അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തില്‍ വില ഉയര്‍ന്നു.
ഇറാനില്‍ 30 മില്യണ്‍ ബാരല്‍ ശേഖരം വില്‍പ്പനക്ക് തയ്യാറായി ഉണ്ടെന്നാണ് ഫാക്ട്‌സ് ഗ്ലോബല്‍ എനര്‍ജിയുടെ കണക്ക്. കരാറിന്റെ മഷിയുണങ്ങും മുമ്പ് തന്നെ എണ്ണ കയറ്റുമതി കുത്തനെ കൂട്ടാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കിയിരുന്നു. ഉപരോധം നീങ്ങുന്നത് ഇറാനെ കൂടുതല്‍ ആയുധ സജ്ജമാക്കുമെന്ന വാദവും സൗദി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല