ബ്രിട്ടീഷ് പൈലറ്റുമാര്‍ സിറിയയില്‍ ബോംബാക്രമണം നടത്തി. ഇതാദ്യമായിട്ടാണ് ബ്രിട്ടണ്‍ സിറിയയില്‍ ബോംബാക്രമണം നടത്തുന്നത്. ഇറാഖില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പോരാട്ടം നടത്തുന്ന യുഎസ്എ ക്യാനഡ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം തുടക്കം മുതല്‍ പങ്കാളികളാണെങ്കിലും സിറിയയില്‍ ആക്രമണം നടത്താന്‍ പാര്‍ലമെന്റ് അനുവാദം നല്‍കിയിരുന്നില്ല.
എന്നാല്‍, പൈലറ്റുമാര്‍ ആക്രമണം നടത്തിയത് പാര്‍ലമെന്റിന്റെ അനുവാദം ഇല്ലാതെയാണെന്നതിനെ ചൊല്ലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വിവാദം പുകയുകയാണ്. എംപിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷി നേതാക്കള്‍ പാര്‍ലമെന്റിന്റെ അനുവാദം കൂടാതെ ബോംബാക്രമണം നടത്തിയതിന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് നേര്‍ക്ക് തിരിഞ്ഞിരിക്കുകയാണ്.
2013ല്‍ സിറിയയില്‍ ബോംബാക്രമണം നടത്തുന്നതിനെതിരെ ഹൗസ് ഓഫ് കോമണ്‍സ് വോട്ട് ചെയ്തതാണ്. ഇറാഖില്‍ മാത്രമാണ് ബോംബാക്രമണം നടത്താന്‍ പാര്‍ലമെന്റ് അനുവാദം നല്‍കിയിട്ടുള്ളത്. അതേസമയം പൈലറ്റുമാര്‍ ബോംബാക്രമണത്തില്‍ പങ്കാളികളാകുന്നുണ്ടെന്ന കാര്യം പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് അറിയാമായിരുന്നെന്ന് നമ്പര്‍ 10 ഓഫീസ് പ്രതികരിച്ചു. ഇതേത്തുടര്‍ന്ന് ഇപ്പോള്‍ ഡിഫന്‍സ് സെക്രട്ടറി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് എംപിമാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല