ഇക്കഴിഞ്ഞ ജൂലൈ 11 ശനിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികളെ തേടി യുകെയില്‍ നിന്നും ഒരുദുരന്തവാര്ത്ത എത്തുകയുണ്ടായി.പാലക്കാട് അട്ടപ്പാടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെഹിയോണ്‍ ധ്യാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നോട്ടിന്‍ഹാം അരീനയില്‍ നടത്തിയ ബൈബിള്‍ കണവന്‍ഷനില്‍ പങ്കെടുക്കാനെത്തിയ രണ്ടു വയസുള്ള ഒരു പിഞ്ചുകുഞ്ഞ് സ്വന്തം പിതാവിന്റ്റെ വാഹനത്തിന്റെ അടിയില്‍ പെട്ട് മരണമടഞ്ഞ ദുഃഖവാര്‍ത്ത കാട്ടുതീ പോലെയാണ് വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ യിലൂടെയും പടര്‍ന്നത്.ഇതേതുടര്‍ന്ന് വിവാദങ്ങള്‍ പല മാനങ്ങളിലേക്കും കടന്നു.എന്നാല്‍ ഈ വിവാദങ്ങളില്‍ നിന്നെല്ലാം അകന്നുനിന്ന യു കെ യിലെ മുന്‍നിര സോളിസിറ്റര്മാരിലൊരാളും പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ആയ അഡ്വ.ഫ്രാന്‍സിസ് കവളക്കാട്ടില്‍ ആദ്യമായി പ്രതികരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ മലയാളിപ്രവാസി സംഘടനയായ യുക്മയുടെ പ്രസിഡന്റ്റും കൂടിയാണ് ഇദ്ദേഹം.
പത്രക്കുറിപ്പിന്റ്റെ പൂര്‍ണ്ണരൂപം.
യു കെ മലയാളികളെ ഒന്നടങ്കം കണ്ണീര്‍ക്കയത്തില്‍ ആക്കി എവ് ലിന് എന്ന കുഞ്ഞു പൈതല്‍ ആറടി മണ്ണില്‍ അന്ത്യ വിശ്രമം ആരംഭിച്ചു.അപ്രതീക്ഷിതമായ ഒരു ദുരന്തം.അതായിരുന്നു എവ് ലിന്റ്റെ മരണം. ആ കുരുന്നിന്റ്റെ അപകടമരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് നാമെല്ലാം ഏറ്റു വാങ്ങിയത്.അനേകായിരം മാതാപിതാക്കള്‍ ആ മോളുടെ സമപ്രായക്കാരായ തങ്ങളുടെ പൊന്നോമന മക്കളെ വിങ്ങുന്ന ഹൃദയവുമായി മാറോട് ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് ആ കുഞ്ഞു പൈതലിനു വേണ്ടി പ്രാര്‍ഥിച്ചത്;ഇപ്പോഴും ആ കുഞ്ഞാത്മാവിനു വേണ്ടി പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നത്.പക്ഷേ ഈ മരണത്തിനപ്പുറം മറ്റൊരു ജീവിതമുണ്ടെന്ന നിത്യസത്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു.കൊച്ചു പൂമ്പാറ്റയെ പോലെ രണ്ടര വര്‍ഷങ്ങള്‍ ഭൂമിയില്‍ പാറി പറന്നു നടന്ന എവ് ലിന് ഇനി മുതല്‍ സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടത്തില്‍ പുണ്യം വിതറുന്ന കുഞ്ഞു മാലാഖയായി വാഴും.ആ ഉറപ്പാണ് ക്രിസ്തീയ ജീവിതത്തിന്റ്റെ കാതല്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറിസ്സയില്‍ നിഷ്ടൂരമായി കൊല ചെയ്യപ്പെട്ട ഗ്രഹം സ്റ്റൈന്‍സ് എന്ന മിഷനറിയുടെ ഭാര്യയോട് മാധ്യമ പ്രവര്‍ത്തകര്‍ അന്ന് ചോദിച്ചു..’ ഭര്‍ത്താവിനെ കൊന്നവരോട് നിങ്ങള്‍ക്ക് പ്രതികാരം ചെയാന്‍ തോന്നുന്നുണ്ടോ ..ഇതിനിടവരുത്തിയ ദൈവം ഒരു ദുഷ്ട്ടനാണെന്നു കരുതുന്നുണ്ടോ ? ‘ എന്ന്. അതിനു മറുപടിയായി ആ സ്ത്രീ പറഞ്ഞത് ഇപ്രകാരമായിരുന്നു.. ‘ ഇത്രയും കാലം എന്റ്റെ കുഞ്ഞുങ്ങളുടെ നല്ല പിതാവായി അദ്ധേഹത്തെ കിട്ടിയ ഞാന്‍ അതീവ ഭാഗ്യവതിയാണ്.ഇനി ഞങ്ങള്‍ക്കായി ഞങ്ങളുടെ പ്രിയപ്പെട്ടവന് സ്വര്‍ഗ്ഗത്തില്‍ മാധ്യസ്ഥ്യം വഹിക്കും. ഇത്രയും കാലം ഞങ്ങളുടെ കൂടെ അദ്ദേഹത്തെ തന്ന നല്ല ദൈവത്തിനു ഒരായിരം നന്ദി.കിട്ടാത്ത കുറച്ചു സൌഭാഗ്യങ്ങളെക്കാള് കിട്ടിയ അനവധി അനുഗ്രഹങ്ങളെ ഓര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു ‘. ഇപ്പോള്‍ ഇത് ഞാന്‍ ഓര്‍ക്കാന്‍ കാരണം എവ് ലിന്റ്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ചുള്ള എന്റ്റെ ചിന്തകളാണ്.അവര്‍ക്കുവേണ്ടി സ്വര്‍ഗ്ഗത്തില്‍ ഇനി മാധ്യസ്ഥം വഹിച്ചു പ്രാര്‍ഥിക്കുന്നത് ഈ ലോകത്തിന്റ്റെ ഒരു കല്മഷവും തീണ്ടാതെ പുണ്യം തുളുമ്പുന്ന ആത്മാവുമായി കടന്നു പോയ ആ കുഞ്ഞു മാലാഖ ആയിരിക്കും എന്നതില്‍ ഒരു സംശയവും ഇല്ല. കൂട്ട് കൂടി ഒപ്പം കൊഞ്ചിക്കളിച്ചു നടന്ന എല്ലാ കളിക്കൂട്ടുകാര്‍ക്കും ഇനി മുതല്‍ ഒരു കാവല്‍ മാലാഖയായി എവ് ലിന് മാറും.
ദുഖത്തിന്റ്റെ ഈ നാളുകളിലും ഇങ്ങനെ ചില കുറിപ്പുകള്‍ എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ച കാര്യങ്ങളിലേക്ക് ഇനി ഞാന്‍ കടക്കട്ടെ. ആ കുഞ്ഞു ശരീരം അന്ത്യയാത്രക്കായി കാത്തു കിടന്ന വേളയില്‍ നമ്മുടെ ഇടയിലെ ഏതാനും സഹോദരങ്ങള്‍ ഉയര്‍ത്തി വിട്ട ചില സാമൂഹ്യ അസ്വസ്ഥതകള്‍ ഏറെ വേദനാജനകമാണ്.അക്കാര്യങ്ങളിലേക്ക് എന്റെ മനസ്സ്തുറക്കും മുന്‍പ് ചില ഏറ്റുപറച്ചിലുകളും ആവശ്യമാണ് എന്നെനിക്കു തോന്നുന്നു.
‘എനിക്കൊരു കുറവുണ്ട് ..ഞാന്‍ അഭിമാനിക്കുന്ന ഒരു കുറവ്..ലോകത്തിന്റ്റെ മുന്‍പിലും എന്നെ ഇഷ്ട്ടപ്പെടുന്ന നിരവധി നല്ല ആളുകളുടെ മുന്‍പിലും ഞാന്‍ ഏറെ ആദരിച്ചു ബഹുമാനിക്കുന്ന പ്രഗല്ഭരായ ഒരുകൂട്ടം ആളുകളുടെ മുന്‍പിലും ഞാന്‍ ആ കുറവ് ഇതാ ഏറ്റു പറയുന്നു …ഞാന്‍ ഒരു ദൈവ വിശ്വാസിയായ കത്തോലിക്കനാണ്.വിശുദ്ധ പത്രോസിന്റെ മേല്‍ പണിതുയര്‍ത്തപ്പെട്ട സഭയോടും സഭാ സംവിധാനങ്ങളോടും എല്ലാ സമര്‍പ്പിതരോടും അതിയായ സ്നേഹവും ബഹുമാനവും എനിക്കുണ്ട്.ഇത് ഒരു കുറവായി ആരെങ്കിലും കാണുന്നെങ്കില്‍ ഏറെ അഭിമാനത്തോടെ,അതിലേറെ സന്തോഷത്തോടെ ഞാന്‍ പറയുന്നു …ആ കുറവാണ് എന്റെ ശക്തി .. ജീവിതയാത്രയില്‍ എന്നെയും കുടുംബത്തെയും മുന്നോട്ടു കൊണ്ടുപോകുന്ന ചാലക ശക്തി…’
ഏറെ ആലോചിച്ച ശേഷം വളരെ വേദനയോടെയാണ് ഞാന്‍ ഇത് എഴുതുന്നത്.ഇങ്ങനെയൊരു തുറന്നു പറച്ചില് വഴി ഞാന്‍ എനിക്കുതന്നെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തുകയാണ് എന്ന ബോധ്യവും ഉണ്ട്.പക്ഷെ ഇങ്ങനെയൊരു തുറന്നു പറച്ചില് ഞാന്‍ നടത്തിയില്ലെങ്കില്‍ ഫ്രാന്‍സിസ് കവളക്കാട്ടില്‍ എന്ന വ്യക്തിയായി ഞാന്‍ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല.ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞാനടക്കം നിരവധിപേര്‍, യു കെ യില്‍ ഏറെ ബഹുമാനിക്കുന്ന ഏതാനും വിശിഷ്ടവ്യക്തികള്‍, രണ്ടു വൈദികരെ തിരഞ്ഞു പിടിച്ച് കൂട്ടം കൂടി ആക്രമിക്കുന്ന ഒരു കാഴ്ച യാണ് സോഷ്യല്‍ മീഡിയയിലൂടെ കാണുവാന്‍ ഇടയായത്.ഫാ സോജി ഒലിക്കലും ഫാ സേവിയര്‍ ഖാന് വട്ടയിലും ആണ് അന്യായമായ ആരോപണങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്.ഇവരെ പേരെടുത്തു പറഞ്ഞുകൊണ്ട് രാത്രിയുടെ യാമങ്ങളില്‍ പോലും അനന്തമായി തുടരുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍..തേജോ വധങ്ങള്‍..ഇതൊക്കെ എന്തിനു വേണ്ടി ..? ആര്‍ക്കാണ് ഇത്തരം വാചക കസര്‍ത്ത് വഴി നേട്ടങ്ങള്‍ ഉണ്ടാവുക ..? ഉത്തരം വളരെ ലളിതം .ഈ പോരാട്ടത്തില്‍ ആരും ആരും ഒന്നും നേടുന്നില്ല..എല്ലാവരും ഒന്നുപോലെ തോല്‍വിയിലേക്ക് നയിക്കപ്പെടുന്നു. ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്നൊരു ബൈബിള്‍ വചനം ഉണ്ട് ..ആ വചനത്തിന്റ്റെ നിഴലില്‍ നിന്നുകൊണ്ട് എനിക്കൊരു അപേക്ഷയുണ്ട് .. ഈ വൈദികരെയും അവരുടെ ശുശ്രൂഷകളെയും കല്ലെറിയും മുന്‍പ് ,ദയവായി നിങ്ങള്‍ സത്യം അറിയണം.. കാരണം ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാനും നിങ്ങളെ പോലെ ഒരുവനായിരുന്നു.
സഭയെയും സമര്‍പ്പിതരേയും ഒന്നുപോലെ വിമര്‍ശിച്ചു നടന്നിരുന്ന ഒരു പൂര്‍വ്വകാലം എനിക്കും ഉണ്ടായിരുന്നു .ഞാനാണ് സത്യം ,എന്റെ ചിന്തകളും വഴിത്താരകളും ആണ് ഏക ശരി എന്ന് അഹങ്കരിച്ചു നടന്നിരുന്ന ഒരു ഭൂതകാലം..ഒരു സാവൂളിനെ പോലെ ഓരോ ക്രിസ്തു ശിഷ്യനെയും വാക്കുകളാല്‍ കശാപ്പു ചെയാന്‍ ഒരുങ്ങി തിരഞ്ഞു നടന്നിരുന്ന ഒരു കാലം.എന്നെ പക്ഷെ ഞാനറിയാതെ തന്നെ മാറ്റിയത്…. ഒരു പുതിയ ദൈവ വെളിപാട് തന്നത്…. ,ഞാന്‍ പോലും അറിയാതെ ,പ്രതീക്ഷിക്കാതെ പുണ്യസ്ഥലമായ മജുഗോറിയയിലേക്ക് നടത്തിയ ഒരു യാത്രയായിരുന്നു.അവിടെ ഞാന്‍ കണ്ടു….നൂറു കണക്കിന് വൈദികരും കന്യാസ്ത്രീകളും ദൈവീക തീക്ഷ്ണതയില്‍ ,സേവനത്തിന്റ്റെ പാതയില്‍ ,ജീവിത ത്യാഗത്തിന്റ്റെ സംപൃപ്തിയില് നിറഞ്ഞു നില്‍ക്കുന്നത് കണ്ടു.പുറമേ നിന്ന് കാണുന്ന ഏതൊരുവനും ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കാത്ത ജീവിത ശൈലിയാണ് ഓരോ ക്രിസ്തീയ പുരോഹിതന്റെയും.അന്ന് ആ പുണ്യ സ്ഥലത്തുണ്ടായ ആ തിരിച്ചറിവിന്റ്റെ പ്രകാശത്തില്‍ ഞാന്‍ ഒരു ഉറച്ച തീരുമാനമെടുത്തു .ഇനിയൊരിക്കലും ഒരു പുരോഹിതനെയും ഞാന്‍ വിധിക്കില്ല.കാരണം അവരെ വിധിക്കാന്‍ ഞാന്‍ ആളല്ല.ഈ ചിന്തയാണ് എന്നെ സഭയും ധ്യാനങ്ങളുമായി അടുപ്പിച്ചത്.ആ അടുപ്പമാണ് ഇന്നെന്റ്റെ ജീവിതത്തില്‍ എന്തെങ്കിലും വിജയം ഞാന്‍ നേടിയിട്ടുണ്ടെങ്കില്‍ അതിനു കാരണം എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ഇക്കഴിഞ്ഞ അഞ്ചോളം വര്‍ഷങ്ങളായി യു കെയിലെ സെഹിയോണ്‍ ധ്യാനങ്ങളില്‍ ഞാനും എന്റെ കുടുംബവും മുടങ്ങാതെ പങ്കെടുക്കുന്നു.എല്ലാ ആഴ്ചകളിലും തന്നെ ഡിവയിന്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നു.ശാലോമിന്റ്റെ കൂട്ടായ്മകളില്‍ പങ്കുചേരുന്നു.ഇപ്പോള്‍ പലരും സോഷ്യല്‍ മീഡിയയിലൂടെ ആക്ഷേപിക്കും പോലെ കുടുംബ സമാധാനം തകര്‍ന്നവരും മാനസിക വൈകല്യങ്ങള്‍ ബാധിച്ചവരും ആയ ആരെയും ഞാന്‍ ഇത്തരം സ്ഥലങ്ങളില്‍ കണ്ടിട്ടില്ല.എനിക്കോ എന്റെ കുടുംബത്തിനോ ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.ആരും പറഞ്ഞിട്ടുമില്ല.
ദൈവ സന്നിധിയില്‍ കഴിയുന്ന ആ മണിക്കൂറുകളെ ഞാനും എന്നെപ്പോലെയുള്ള നിരവധി വ്യക്തികളും അവരുടെ കുടുംബങ്ങളും പരമാവധി ആസ്വദിക്കുന്നു. ഇക്കാലമെത്രെയും ഈ കൂട്ടായ്മകളില്‍ നിയമ വിരുദ്ധമായതോ അസ്വഭാവികമായതോ ആയ ഒന്നും ഞങ്ങള്‍ കണ്ടിട്ടില്ല,അനുഭവിച്ചിട്ടില്ല.ആ സത്യം തിരിച്ചറിഞ്ഞവരാണ് മുടങ്ങാതെ ഈ വേദികളിലേക്ക് കടന്നു വരുന്നത്.മറ്റുള്ളവരെ കൂട്ടിക്കൊണ്ട് വരുന്നത്.അല്ലാതെ ഈ ബഹുമാനപ്പെട്ട വൈദികരാരും ആരെയും നിര്‍ബന്ധിച്ച് വിളിച്ചു വരുത്തുന്നില്ല.ആരോടും പണം ആവശ്യപ്പെടുന്നില്ല.
സ്ഥിരമായി ധ്യാന ശുശ്രൂഷകളില്‍ പങ്കെടുക്കുകയും ഒരു നാണയ തുട്ടു പോലും ദാനമായി നല്കാന് സ്ഥിതിയില്ലാത്തവരോ,മനസ്സില്ലാത്തവരോ ആയതിനാല്‍ ധ്യാനം കൂടി കടന്നു പോകുന്ന നിരവധി ആളുകളുണ്ട്.അവരെയാരെയും ഇപ്പറഞ്ഞ ഒരു വൈദികരോ അവരുടെ കൂടെയുള്ള വ്യക്തികളോ ഗേറ്റില്‍ തടഞ്ഞു നിറുത്തി പണം പിരിക്കുന്നില്ല. ‘ നീ പണം തന്നില്ല.. അതിനാല്‍ മേലാല്‍ ഇങ്ങോട്ട് വരരുത്..’ എന്ന് ആരോടും ഇവര്‍ പറഞ്ഞിട്ടില്ല.
എന്നും ദേവാലയങ്ങള്‍ക്കും ദൈവശുശ്രൂഷകള്ക്കും ആവശ്യമായ പണം നല്കി പിന്തുണച്ചു പോരുന്നത് വിശ്വാസികളാണ്.ആദിമകാലം മുതല്‍ അതാണ് എല്ലാ സഭകളുടെയും പാരമ്പര്യം.വിശ്വാസികളുടെ ഇഷ്ട്ടമനുസരിച്ച് ഓരോ സഭകള്‍ക്കും തങ്ങളുടെ സാമ്പത്തിക ഘടനയില്‍ മാറ്റം ഉണ്ടാവാം.അതോരുരുത്തരുടെയും ഇഷ്ട്ടമാണ്.സോഷ്യല്‍ മീഡിയയില്‍ പലരും ആക്ഷേപിക്കും പോലെ യു കെ യിലെ ഒരു ധ്യാന കേന്ദ്രങ്ങളിലും വിശ്വാസികളുടെ മാനസിക ദൌര്‍ബല്യങ്ങളെ ചൂഷണം ചെയ്തു പണപ്പിരിവ് നടത്തുന്നില്ല.ഓരോരുത്തരും തങ്ങളുടെ ഇഷ്ട്ടമനുസരിച്ച് അഞ്ചോ പത്തോ അന്‍പതോ പൌണ്ടുകള്‍ നല്‍കുകയാണ്.ഓരോ കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും തങ്ങളുടെ അധ്വാനത്തിലെ ഒരു ചെറിയ വിഹിതം സന്തോഷത്തോടെ ഈ വൈദികര്‍ക്കും അവരുടെ ശുശ്രൂഷകള്‍ക്കും നല്കുന്നതില് ആര്‍ക്കാണ് പരാതിപ്പെടാന്‍ ധാര്‍മ്മികമായ അവകാശം.നിയമ വിരുദ്ധമായ ഒന്നിനും ഒരിക്കലും നിന്നുകൊടുക്കുന്നവരല്ല നമ്മള് മലയാളികള്‍.അങ്ങനെ എന്തെങ്കിലും ഇത്തരം സ്ഥലങ്ങളില്‍ നടക്കുന്നു എന്നുറപ്പുള്ള ആരെങ്കിലും ഒരാള്‍ എന്ത് കൊണ്ട് ഇക്കാലമെത്രെയും നിയമ സംവിധാനം ഇത്ര ശക്തമായ യു കെ യില്‍ ഒരു പരാതി പോലും ഇത് വരെ അയച്ചിട്ടില്ല ?.ഒരു പക്ഷെ വൈദികശാപം നേരിടും എന്ന പേടി കൊണ്ട് ആണ് എന്ന് ഞാന്‍ വിചാരിക്കുന്നില്ല.മറിച്ച് തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കാടടച്ചുള്ള ഒരു വെടി വെപ്പ് മാത്രമാണെന്ന് ഈ മാന്യ സുഹൃത്തുക്കള്‍ക്ക് നന്നായി അറിയാം.അങ്ങനെയെങ്കിലും തങ്ങളെ നാലാളുകള്‍ അറിയട്ടെ എന്ന വിചാരവും ഇക്കൂട്ടരില്‍ ചിലര്‍ക്കൊക്കെ ഉണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഓരോരുത്തര്‍ക്കും തങ്ങളുടെ പണം അവനവന്റ്റെ ഇഷ്ട്ടമാനുസരിച്ച് ചിലവിടാനുള്ള സ്വാതന്ത്ര്യം ഉള്ള ഒരു നാട്ടില്‍, ദാനം കൊടുക്കുന്നവരെയോ അത് സ്വീകരിക്കുന്നവരെയോ കുറ്റം പറയാന്‍ ആര്‍ക്കും അവകാശമില്ല.
പണത്തോടുള്ള ആര്‍ത്തി മൂലം നോട്ടിന്‍ഹാമില്‍ നടന്ന അഭിഷേകാന്ഗ്നി കണവന്‍ഷനില്‍ കുട്ടിയുടെ അപകടവിവരം പറഞ്ഞു പ്രാര്ഥിച്ചില്ല എന്നൊരു ആക്ഷേപം ആണല്ലോ ആദ്യമേ പൊതുവെ ഉയര്‍ന്നത്.എന്തായാലും അതൊരു വ്യാജ പ്രചാരണ മായിരുന്നു എന്ന് സെഹിയോണ്‍ പുറത്തുവിട്ട വീഡിയോ ക്ലിപ്പുകള്‍ കണ്ടപ്പോള്‍ ആക്ഷേപം ഉന്നയിച്ചവര്‍ തന്നെ മനസ്സിലാക്കി എന്നറിയുന്നതില്‍ സന്തോഷം.എങ്കിലും ആളുകളില്‍ ഇടര്‍ച്ച ഉണ്ടാക്കാന്‍ താല്‍ക്കലികമായെങ്കിലും അവര്‍ക്കായി എന്നതാണ് സത്യം.കുഞ്ഞിനെ ആശുപത്രിക്കിടക്കയില്‍ സന്ദര്‍ശിച്ചു പ്രാര്‍ഥിച്ച ശേഷം തിരിയെ എത്തിയ സോജിയച്ചനും മറ്റനവധി ശുശ്രൂഷകരും പ്രാര്‍ഥനയില്‍ തന്നെയായിരുന്നു എന്നതാണ് സത്യം.
പ്രാര്‍ഥിച്ചു രോഗങ്ങള്‍ സുഖമാക്കുന്ന ഈ വൈദികര്‍ക്ക് അപകടവും മരണവും മുന്‍കൂട്ടി കണ്ടു ഒഴിവാക്കാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരോട് ആരു മറുപടി പറയും.നദിയെന്തേ പുറകോട്ട് ഒഴുകുന്നില്ല എന്ന ചോദ്യത്തിനു എന്ത് ഉത്തരം പറയും.
ഒരിക്കലും രോഗങ്ങള്‍ ഭേദമാക്കുവാന്‍ കഴിവുണ്ടെന്നോ മരിച്ചവരെ ഉയിര്‍പ്പിക്കാന്‍ ത്രാണിയുണ്ടെന്നോ ഈ വൈദികര്‍ ആരെയും പറഞ്ഞു വിശ്വസിപ്പിച്ചിട്ടില്ല.അങ്ങനെ കേട്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ധൈര്യമായി മുന്‍പോട്ടു വരൂ….ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നടത്തിയതിനു ഇവര്‍ക്കെതിരെ ഏതു കോടതിയുടെ മുന്‍പിലും കേസു കൊടുക്കാം.വേണ്ട ശിക്ഷ വാങ്ങി നല്‍കാം.അത്ഭുതങ്ങളും രോഗശാന്തികളും നല്കുന്ന ദൈവീക ശക്തിയായ പരിശുദ്ധാത്മാവിനോട് മാധ്യസ്ഥം യാചിച്ചു പ്രാര്‍ഥിക്കുന്ന അഭിഷിക്ത പുരോഹിതര്‍ ആണ് തങ്ങള്‍ എന്ന് മാത്രം ആണ് ഈ അഭിവന്ദ്യ വൈദികര്‍ പറഞ്ഞിട്ടുള്ളൂ.അത് സത്യം മാത്രം.ആത്മീയ സുഖങ്ങള്‍ മാത്രം തേടി ,ലോക സുഖങ്ങള്‍ ഉപേക്ഷിച്ച് ,ക്രിസ്തുവിന്റെ വചനങ്ങള്‍ ലോകത്തോട് വിളിച്ചു പറയാന്‍ കടപ്പെട്ട പുരോഹിതരാണ് ഇരുവരും.ഞാന്‍ വക്കീല്‍ ജോലി ചെയ്യും പോലെ ,മറ്റു ചിലര്‍ ഡോക്ടറും നേഴ്സും ,മാനെജര്‍മാരും,കടയുടമകളും ആയപോലെ സുവിശേഷം പറയുക എന്നതാണ് ഇവരുടെ ജോലി.അത് ചെയ്തില്ലെങ്കില്‍ ആണ് പുരോഹിതര്‍ തെറ്റുകാരാകുന്നത്.തങ്ങളുടെ കടമകള്‍ മറന്നു ലോക സുഖങ്ങളുടെ പിന്നാലെ പാഞ്ഞ് വഴി തെറ്റിപ്പോയ പുരോഹിതരാണ് ഇന്ന് സഭയുടെ തീരാദുഖം.അത്തരം പുരോഹിതരെ വഴി തെറ്റിക്കുവാന്‍ കൂട്ടു നില്ക്കുന്ന അല്മായരായ ചില ആളുകളും തെറ്റുകാര്‍ തന്നെ.
സോജിയച്ചനോ, വട്ടായിലച്ചനോ, പനക്കലച്ചനോ ,അങ്ങിനെ ചില ആളുകള്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ഏതെങ്കിലും ഒരു വൈദികന് പുരോഹിതവൃത്തിക്ക് നിരക്കാത്ത എന്തെങ്കിലും സുഖഭോഗങ്ങളില്‍ മുഴുകിയതിനോ അവക്ക് പിന്നാലെ പാഞ്ഞതിനോ ഒരു തെളിവ് ആര്‍ക്ക് കാണിക്കാന്‍ പറ്റും.
ലക്ഷക്കണക്കിന് ആളുകളെ കണ്ട പുരോഹിത ശ്രേഷ്ട്ടരാണിവര്.ഇവര്‍ മാധ്യസ്ഥ്യം യാചിച്ചു പ്രാര്ഥിച്ചുണ്ടായ ഫലങ്ങള്‍ അനേകങ്ങളാണ്.ഓരോ തവണയും സെഹിയോനിലും ഡിവയിനിലും ചെല്ലുമ്പോള്‍ ദൈവം തങ്ങള്‍ക്കു പ്രാര്‍ത്ഥന വഴി നല്കിയ അനുഗ്രഹങ്ങള്‍ ഏറ്റുപറയാന്‍ കടന്നുവരുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് കാണുന്നത്.അവരെ മറ്റാരും നിര്‍ബന്ധിച്ച് സാക്ഷ്യം പറയിപ്പിക്കുന്നതാണെന്ന് ഒരിക്കലും പറയാന്‍ ആവില്ല.തങ്ങള്‍ക്കു കിട്ടിയ ദാനങ്ങളെ,അവ എത്രയോ ചെറുതോ വലുതോ ആവട്ടെ, മറ്റുള്ളവരോട് ദൈവനാമത്തില്‍ ഉദ്ഘോഷിക്കുവാനുള്ള ഒരു വേദി മാത്രമാണ് അനുഭവസ്ഥര്ക്ക് ഇത്തരം ധ്യാന കേന്ദ്രങ്ങള്‍.
നിരവധി വൈദികരും കന്യാസ്ത്രീകളും അടക്കം ഒട്ടേറെ സന്ന്യസ്ഥരുമായി അടുത്തിടപെഴുകാന്‍ ഇക്കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ എനിക്കും എന്റ്റെ കുടുംബത്തിനും ഭാഗ്യം ലഭിച്ചിട്ടുണ്ട്.വളരെയേറെ റിസ്കുകള്‍ എടുത്താണ് ഓരോ വ്യക്തിയും സമര്‍പ്പിത ജീവിതത്തിലേക്ക് കടന്നു വരുന്നത്.ആത്മീയവും ലൗകികവുമായ നിരവധി പരീക്ഷണങ്ങളുടെ ഉലയില്‍ പാകപ്പെട്ടാണ് തിരുപ്പട്ടത്തിനും കന്യകാവൃതത്തിനും നമ്മുടെ സമര്‍പ്പിതര്‍ തലകുനിക്കുന്നത്.മരണം വരെ പിന്നെ പരീക്ഷണങ്ങളുടെ നാളുകളാണ്.അതിനിടയില്‍ കാലിടറുന്ന ഏതാനും പേരുടെ നാമത്തില്‍ ബാക്കിയുള്ളവരെ ക്രൂശിക്കരുത്…..പരിഹസിക്കരുത്…..കല്ലെറിയരുത്.ആദ്യം ഇവരെ അടുത്തറിയൂ..പറഞ്ഞു കേള്‍വിയുടെ പേരില്‍ ന്യായവിധിക്കു മുതിരുന്നവര്‍ ഒന്നോര്‍ക്കുക.ജീവിതവഴികളില്‍ എവിടെയെങ്കിലും നിങ്ങള്‍ക്കും നേരെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായേക്കാം.താങ്ങാവുന്നതിലും അധികം വേദനയാണ് അപ്പോഴുണ്ടാവുക.അന്നും നിങ്ങളുടെ മുറിവുണക്കാന്‍ ഈ വന്ദ്യ വൈദികര്‍ തന്നെ മുന്നിലുണ്ടാവും.അതാണ് ഇതുവരെയുള്ള അവരുടെ ജീവചരിത്രം പഠിപ്പിക്കുന്നത്.. .
ഞാന്‍ നിറുത്തുകയാണ്.അവസാനം രണ്ടു കാര്യങ്ങള്‍ മാത്രം വിനയത്തോടെ എന്റ്റെ സ്നേഹിതരെ ഓര്‍മ്മിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു .ഒന്ന്; വെറും അഞ്ചോ പത്തോ പേര് കൂടി ശ്രമിച്ചാല്‍ തകരുന്ന വ്യക്തി പ്രാഭവവും വിശുദ്ധിയും അല്ല ഈ വൈദികരുടെതും അവര്‍ നയിക്കുന്ന പ്രസ്ഥാനങ്ങളുടെതും.പത്തുപേര്‍ എതിര്‍ത്താല്‍ പുതിയ പതിനായിരങ്ങളെ അവര്‍ക്കൊപ്പം ദൈവം സജ്ജമാക്കും. രണ്ട്; പൌണ്ടുകളുടെയോ ഡോളറുകളുടെയോ ദിനാറുകളുടെയോ മുകളില്‍ പണിതുയര്‍ത്തിയ സൌധങ്ങളല്ല സെഹിയോനും ഡിവയിനും.മറിച്ച് അറുനൂറു കോടിയിലധികം വരുന്ന കത്തോലിക്കാ വിശ്വാസികളുടെ പ്രാര്‍ഥനയുടെ ശക്തിയില്‍ ദൈവം ഒരുക്കിയ ആലയങ്ങളാണ്.പണിതുയര്ത്തിയവനേ അത് തച്ചുടക്കാന്‍ ശക്തിയുള്ളൂ..
സ്നേഹത്തോടെ
അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ട്.
(ഈ ലേഖനത്തിന്റെ പേരില്‍ പരസ്യ വാഗ്വാദങ്ങള്‍ക്ക് എനിക്ക് താല്‍പ്പര്യമില്ല.അഭിപ്രായമോ എതിര്‍പ്പോ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ് 00447793452184 )
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല