സ്വന്തം ലേഖകന്‍: സഞ്ജു അന്താരാഷ്ട്ര ക്രിക്കറ്റിലിറങ്ങി, അരങ്ങേറ്റം തോല്‍വിയോടെ. എന്നാല്‍ ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ മലയാളി താരത്തിനായില്ല. ഏഴാമാനായി ക്രീസിലെത്തിയ സഞ്ജു 24 പന്തില്‍ 19 റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ സിംബാബ്വേക്ക് 10 റണ്‍സിന് ജയയിക്കുകയും ചെയ്തു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര സമനിലയിലായി.
ഓപ്പണര്‍ മുരളി വിജയാണ് സഞ്ജുവിന് ആദ്യ ക്യാപ് സമ്മാനിച്ചത്. ടീമിലെ സ്പെഷ്യലിസ്റ്റ് കീപ്പര്‍ സഞ്ജുവാണെങ്കിലും വിക്കറ്റിന് പിന്നിലായിരുന്നില്ല മലയാളി താരത്തിന്റെ സ്ഥാനം. മത്സരം തുടങ്ങി അധികം വൈകാതെ സിക്കന്ദര്‍ റാസയെ പുറത്താക്കിയ ക്യാച്ചിലൂടെ കേരള നായകന് സാന്നിധ്യമറിയിച്ചു.
എന്നാല്‍ ബാറ്റിംഗില്‍ പ്രതീക്ഷ കാക്കാന്‍ സഞ്ജുവിനായില്ല. ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന് തകര്‍ന്ന് നില്‍ക്കുമ്പോഴായിരുന്നു മലയാളി താരം ക്രീസിലെത്തിയത്. തുടര്‍ന്ന് സ്റ്റ്യുവര്‍ട്ട് ബിന്നിയുമൊത്ത് 36 റണ്‍സിന്റെ കൂട്ട് കെട്ട്. ബിന്നി പുറത്തായതോടെ ടീമിന്റെ പ്രതീക്ഷ മുഴുവന്‍ സഞ്ജുവിലായി.
സമ്മര്ദ്ദമേറിയതോടെ ക്രിസ് പോഫുവിനെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം ആദ്യ അന്താരാഷ്ട്ര ഇന്നിംഗ്സിന്റെ അന്ത്യമായി. ഇന്ത്യന്‍ ഇന്നിംഗ്സിലെ മൂന്നാമത്തെ ഉയര്‍ന്ന സ്കോറോടെ സഞ്ജു മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല