സ്വന്തം ലേഖകന്‍: ആണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടാക്കി ചുരുക്കാന്‍ ശുപാര്‍ശ. ഒപ്പം ത്വലാഖ് ചൊല്ലിയുള്ള വിവാഹമോചനം അവസാനിപ്പിക്കണമെന്നും വനിതാശിശു മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ക്രിസ്ത്യന്‍ സമുദായത്തിലെ വിവാഹമോചന കാലാവധി ഒരു വര്‍ഷമായി ചുരുക്കാനും ശുപാര്‍ശയുണ്ട്. ഡ്യൂട്ടി സമയത്ത് സേനാംഗങ്ങള്‍ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ ശിക്ഷാര്‍ഹമായ കുറ്റമാക്കി മാറ്റണമെന്നതും അഫ്സ്പ പിന്‍വലിക്കണമെന്നതും സമിതിയുടെ ശ്രദ്ധേയമായ ശുപാര്‍ശയാണ്.
വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച പാം രജ്പുത്ത് കമ്മിറ്റിയാണ് ശുപാര്‍ശകള്‍ നല്‍കിയിരിക്കുന്നത്. ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സാക്കി കുറക്കുന്നതോടൊപ്പം സമ്മത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പെണ്‍കുട്ടിയുടെ പ്രായപരിധി 16 ആക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹത്തിനുള്ള കാലാവധി 30 ദിവസമെന്നത് ഏഴ് ദിവസമാക്കി കുറക്കണം. രജിസ്റ്റര്‍ ഓഫിസിന് മുന്പില് പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും ഫോട്ടോ പതിക്കുന്നത് ഒഴിവാക്കണം.
അഫ്സ്പ പിന്‍വലിക്കണമെന്ന ശ്രദ്ധേയമായ ശുപാര്‍ശയുമുണ്ട്. സൈന്യത്തിന്റെ പ്രത്യേകാധികാരം മുതലെടുത്ത് സ്ത്രീകള്‍ക്ക് മേല്‍ അതിക്രമം കാണിക്കുന്ന സേനാംഗങ്ങളെ നിയമത്തിന് മുന്പില് കൊണ്ട് വരണമെന്ന ശുപാര്‍ശ സേനയുടെ തെറ്റിനെ തുറന്ന് സമ്മതിക്കല്‍ കൂടിയാണ്. സ്ത്രീപുരുഷാനുപാതം കുറയുന്നത് തടയല്‍ എല്ലാ ജനപ്രതിനിധികളുടെയും കടമയാണെന്നും പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക പ്രോത്സാഹ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്കുന്ന സംസ്കാരം രാജ്യത്തിന് തന്നെ നാണക്കേടാണ്. വനിതാസംവരണം 50 ശതമാനമാക്കണം. ത്വലാക്ക് ചൊല്ലിയുള്ള വിവാഹ മോചനം സ്ത്രീകളുടെ വൈവാഹിക സുരക്ഷിതത്വം ഇല്ലാതാക്കുന്നതിനാല്‍ നിരോധനം ആവശ്യമാണെന്നും ക്രിസ്ത്യന്‍ വിവാഹ മോചന കാലാവധി ഒരു വര്‍ഷമാക്കണം എന്നും ശുപാര്‍ശയുണ്ട്. ശുപാര്‍ശയോട് കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് ഇനിയും വ്യക്തമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല