സ്വന്തം ലേഖകന്‍: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍. മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെയാണ് സി.ബി.ഐ. കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഒപ്പം ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഏജന്റും അറസ്റ്റിലായിട്ടുണ്ട്.
പാസ്പോര്‍ട്ട് അപേക്ഷകനില്‍നിന്ന് 50,000 രൂപയാണ് കൈക്കൂലി വാങ്ങിയതായി സിബിഐ സംഘം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി മലപ്പുറത്തെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്. കൈക്കൂലി ഇടപാടിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ച അബ്ദുള്‍ അമീറാണ് അറസ്റ്റിലായത്.
തുടര്‍ന്ന് ഓഫീസറുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. രാമകൃഷ്ണന് പാസ്പോര്‍ട്ട് ഏജന്റുമാരുമായി വഴിവിട്ട ബന്ധമുണ്ടെന്ന് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു.
പാസ്പോര്‍ട്ട് ഇടപാടുകളില്‍ തട്ടിപ്പു നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് കുറച്ചുകാലമായി സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ പാസ്പോര്‍ട്ട് ഓഫീസറായിരുന്ന അബ്ദുല്‍ റഷീദിനെതിരെയുള്ള സി.ബി.ഐ. അന്വേഷണം തുടരുന്നതിനിടയിലാണ് രാമകൃഷ്ണന്റെ അറസ്റ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല