സ്വന്തം ലേഖകന്‍: വ്യാപം അഴിമതി, ആരോപിതരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്തയച്ചു. ഒന്നുകില്‍ നീതി ലഭ്യമാക്കുക, അല്ലെങ്കില്‍ മരിക്കുവാന്‍ അനുവദിക്കുക എന്ന് ആവശ്യപ്പെട്ടാണ് മധ്യ പ്രദേശിലെ ഗിജ്റ രാജ മെഡിക്കല്‍ കോളജില്‍ നിന്നുള്ള അഞ്ചു വിദ്യാര്‍ഥികള്‍ രാഷ്ട്രപതിക്ക് കത്തയച്ചത്. വ്യാപം അഴിമതിക്കേസില്‍ കുറ്റാരോപിതരായ 2500 പേരില്‍ ഉള്‍പ്പെട്ടവരാണ് ഈ വിദ്യാര്‍ത്ഥികള്‍.
2010ല്‍ മെഡിക്കല്‍ കോഴ്സിനുള്ള പ്രവേശന പരീക്ഷയായ പി.എം.ടി പരീക്ഷ തങ്ങള്‍ പാസായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ കത്തില്‍ പറയുന്നു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികളുടെ അഡ്മിറ്റ് കാര്‍ഡിലെ ഫോട്ടോയും ഒപ്പും കോളജി ഐഡന്റിറ്റി കാര്‍ഡിലെ ഫോട്ടോക്കും ഒപ്പിനും സമാനമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപം അഴിമതിക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. പുറത്തു നിന്നുള്ളവര്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട 95 പേരില്‍ ഈ വിദ്യാര്‍ഥികളും ഉള്‍പ്പെടും.
ഹൈകോടതിയെ സമീപിച്ച് പഠനം തുടരാനുള്ള അനുമതി നേടിയ ഈ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കെതിരെയുള്ള പൊലീസ് കേസില്‍ സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ കുട്ടികള്‍ കോളജില്‍ വീണ്ടും പ്രവേശനം നേടി. എന്നാല്‍ കോളജില്‍ മറ്റു കുട്ടികളില്‍ നിന്നും അധ്യാപകരില്‍ നിന്നും തങ്ങള്‍ വിവേചനം നേരിടുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കോടതിയില്‍ കേസുള്ള ആളുകളെന്ന രീതിയിലാണ് എല്ലാവരും തങ്ങളെ കാണുന്നത്. ‘ആള്‍മാറാട്ടക്കാരന്‍’ തുടങ്ങിയ പേരുകളാണ് തങ്ങളെ വിളിക്കുന്നത്. തങ്ങളുടെ ഉത്തരകടലാസുകള്‍ പോലും വേര്‍തിരിച്ചാണ് സൂക്ഷിക്കുന്നതെന്നും കുട്ടികള്‍ ആരോപിക്കുന്നു.
എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് തങ്ങള്‍ക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. ഈ വിദ്യാര്‍ഥികള്‍ക്ക് മറ്റു കുട്ടികളില്‍ നിന്ന് യാതൊരു വേര്‍ത്തിരിവും ഇല്ലെന്നും എക്സിക്യൂട്ടീവ് ഡീന്‍ ജെ.എസ്.സിക്കാര്വര് പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല