സ്വന്തം ലേഖകന്‍: ഇസ്രയേലില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞാല്‍ 20 വര്‍ഷം തടവ്. വാഹനങ്ങള്‍ക്ക് നേരെയും റോഡിലേക്കും കല്ലെറിയുന്നവര്‍ക്ക് 20 വര്‍ഷം വരെ തടവുശിക്ഷ നല്കാവുന്ന നിയമം ഇസ്രായേല്‍ പാര്‍ലമെന്റ് പാസാക്കി. പുതിയ നിയമം വരുന്നതോടെ ഇത്തരം കുറ്റങ്ങള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ഇസ്രായേലിന്റെ അതിര്‍ത്തിപ്രദേശങ്ങളില്‍ റോഡിലേക്കും വാഹനങ്ങള്‍ക്ക് നേരെയും കല്ലെറിയുന്നത് പതിവാണ്.
ഇതോടെ ഫലസ്തീന്റെ ഭാഗത്ത് നിന്നുള്ള ചെറിയ പ്രകോപനമുണ്ടായാല്‍ പോലും തിരിച്ചടിക്കുമെന്ന് വ്യക്തമാക്കുകയാണ് ഇസ്രായേല്‍. ഫലസ്തീന്റെ തീവ്രവാദത്തിനെതിരെ സഹിഷ്ണുത പ്രകടിപ്പിക്കില്ലെന്ന് ഇസ്രായേല്‍ നിയമമന്ത്രി വ്യക്തമാക്കി. കല്ലെറിയുന്നവര്‍ തീവ്രവാദികളാണെന്നും ഇവര്‍ക്ക് തക്കശിക്ഷ നല്‍കണ്ടേത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 17നെതിരെ 69 പേരാണ് നിയമത്തെ അനുകൂലിച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്തത്. ഇസ്രായേലിന്റെ നീക്കത്തിനെതിരെ ഫലസ്തീന് രംഗത്തെത്തി.
അതേസമയം നിയമം വെറുപ്പുളവാക്കുന്നതാണെന്നും കുറ്റത്തിന് യോജിക്കുന്ന ശിക്ഷയല്ല ഇതെന്നുമാണ് ഫലസ്തീന്റെ പ്രതികരണം. പുതിയ നിയമപ്രകാരം പ്രവൃത്തി മനഃപ്പൂര്വമാണെന്ന് തെളിഞ്ഞാല്‍ കല്ലെറിയുന്നവര്‍ക്ക് 10 മുതല്‍ 20 വര്‍ഷം വരെ തടവ് ലഭിക്കും. നിലവില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ പരിക്ക് സാരമല്ലെങ്കില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് പരമാവധി നല്‍കിയിരുന്നത്. 2011ല്‍ വാഹനത്തിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഒരു കുഞ്ഞടക്കം മൂന്ന് ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു.
കിഴക്കന്‍ ജറുസലേമടക്കമുള്ള പ്രദേശങ്ങളില്‍ നിയമം ബാധകമാണെങ്കിലും വെസ്റ്റ് ബാങ്ക് പ്രദേശത്ത് നിയമം ബാധകമാവില്ല. ഇസ്രായേലിന്റെ അധിക്ഷേപത്തിന് മറുപടിയാണ് ഫലസ്തീനികളുടെ ഇത്തരത്തിലുള്ള പ്രതികരണമെന്നും ഫലസ്തീനെ ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്ന് വ്യക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല