സ്വന്തം ലേഖകന്‍: തൊഴില്‍ പരിഷ്കരണങ്ങളും നിയമഭേദഗതികളും ത്രികക്ഷി സംവിധാനത്തിന്റെ അംഗീകാരത്തിലൂടെ മാത്രമെന്ന് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ്. തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ പ്രതിനിധികളടങ്ങുന്നതാണ് ത്രികക്ഷി സംവിധാനം. ഡല്‍ഹിയില്‍ നടന്ന 46 മത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിലാണ് ഈ തീരുമാനം.
എത്രയുംവേഗം ത്രികക്ഷിയോഗങ്ങള് വിളിച്ചുകൂട്ടുമെന്ന് തീരുമാനം അംഗീകരിച്ചുകൊണ്ട് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു. തീരുമാനം നടപ്പാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ബാധ്യസ്ഥമാണ്. സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള വ്യവസായബന്ധ കോഡ് ബില്‍, വേജ് കോഡ് ബില്‍, സ്മാള്‍ ഫാക്ടറീസ് ആക്ട്, ഫാക്ടറീസ് ആക്ട്, ബാലവേല ബില്‍ തുടങ്ങിയവയെല്ലാം ഇനി ത്രികക്ഷി സംവിധാനത്തില്‍ ചര്‍ച്ച ചെയ്യും. ഓരോ നിര്‍ദേശങ്ങളും വകുപ്പു തിരിച്ചു ചര്‍ച്ച ചെയ്ത് പൊതുയോജിപ്പിലെത്തണം. ഇതിന് ശേഷമേ, ബില്ലുകള്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ സാധിക്കൂ.
തൊഴില്‍നിയമ ഭേദഗതികള്ക്കുവേണ്ടി രൂപവത്കരിച്ച ഉപസമിതി യോഗത്തിന്റെ തീരുമാനം ലേബര്‍ കോണ്‍ഫറന്‍സിന്റെ പ്ലീനറിയില്‍ പാസാക്കുകയായിരുന്നു. ബി.എം.എസ്. നേതാവ് അഡ്വ. സജി നാരായണനാണ് ഉപസമിതിയുടെ അധ്യക്ഷന്‍. സമിതിയില്‍ തൊഴിലുടമകളുടെ പ്രതിനിധികള്‍ തൊഴില്‍ പരിഷ്കരണത്തിനുവേണ്ടി ശക്തമായി വാദിച്ചു. വ്യവസായ പുരോഗതിക്ക് തൊഴില്‍പരിഷ്കരണങ്ങള്‍ അനിവാര്യമാണ്. അതിനാല്‍, തൊഴില്‍നിയമങ്ങള്‍ മാറ്റാന്‍ സര്‍ക്കാറിന് സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു അവരുടെ നിലപാട്. ചില സംസ്ഥാനങ്ങളും അതിനോട് യോജിച്ചു.
എന്നാല്‍, ത്രികക്ഷിസംവിധാനം ഒഴിവാക്കാനാവില്ലെന്ന നിലപാടിലാണ് ചര്‍ച്ചയ്ക്കൊടുവില്‍ ഉപസമിതി എത്തിച്ചേര്‍ന്നത്. രാജ്യത്തെ തൊഴിലാളിവ്യവസായ ബന്ധത്തിലും വളര്‍ച്ചയിലും സംവിധാനം ചരിത്രപരമായ പങ്കാണ് വഹിച്ചതെന്ന് സമിതി വിലയിരുത്തി. തൊഴിലാളികളുടെ ക്ഷേമവും അവകാശവും ഉറപ്പുവരുത്തുന്നതോടൊപ്പം സ്ഥാപനങ്ങളുടെ സ്ഥായിയും സുസ്ഥിരവുമായ പ്രവര്‍ത്തനം, വ്യവസായസമാധാനം നിലനിര്‍ത്തല്‍ എന്നിവയായിരിക്കണം തൊഴില്‍നിയമ ഭേദഗതികളുടെ ലക്ഷ്യം. തൊഴില്‍ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല