സ്വന്തം ലേഖകന്‍: ആഗോളതാപനം, വിട്ടുവീഴ്ച പാടില്ലെന്ന് ഐക്യരാഷ്ട്ര സഭയോട് മാര്‍പാപ്പ. ആഗോളതാപനം സംബന്ധിച്ചു ഡിസംബറില്‍ പാരിസില്‍ നടക്കുന്ന യുഎന്‍ ഉച്ചകോടിയില്‍ തനിക്കു വലിയ പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള മേയര്‍മാരെയും ഗവര്‍ണര്‍മാരെയും പങ്കെടുപ്പിച്ചു വത്തിക്കാനില്‍ നടത്തിയ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു പാപ്പ. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന വരള്‍ച്ചയും മറ്റു പ്രകൃതിദുരന്തങ്ങളും മൂലം നാടുവിടേണ്ടിവരുന്നവര് അഭയാര്‍ഥികളും അടിമകളുമാകുന്ന ദുരവസ്ഥയിലേക്കാണു മാര്‍പാപ്പ വിരല്‍ചൂണ്ടിയത്.
സമ്മേളനത്തിനുശേഷം മാര്‍പാപ്പയും പ്രതിനിധികളും ഒപ്പിട്ടുനല്‍കിയ പ്രസ്താവനയില്‍ പ്രശ്നപരിഹാരത്തിനുള്ള അവസാന അവസരമാണു പാരിസ് ഉച്ചകോടിയെന്നു ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ധീരമായ തീരുമാനമെടുക്കാന്‍ ലോകനേതാക്കള്‍ തയാറാകണം. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വേണ്ട ചെലവു നേരിടാന്‍ സാമ്പത്തികശേഷിയുള്ള രാഷ്ട്രങ്ങള്‍ ശേഷി കുറഞ്ഞവയെ സഹായിക്കണം. ഉയരുന്ന ആഗോളതാപനം മനുഷ്യനിര്‍മിതമല്ലെന്ന വാദം തള്ളിക്കളഞ്ഞ സമ്മേളനം, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയായ അതു നിയന്ത്രിക്കേണ്ടത് ലോകത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമാണെന്നും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല