സ്വന്തം ലേഖകന്‍: കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി അന്താരാഷ്ട്ര കോടതിയില്‍ ആവശ്യപ്പെട്ടു. കേസിന്റെ വിചാരണ കഴിയും വരെ ഇറ്റലിയില്‍ തുടരണമെന്നും ഒപ്പം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികള്‍ നിര്‍ത്തിവക്കണമെന്നും അപേക്ഷയില്‍ പറയുന്നു. എന്നാല്‍ കേസ് തീര്‍പ്പാകും വരെ നാവികരെ ഇന്ത്യ വിടാന്‍ അനുവദിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
കടല്‍കൊലക്കേസില്‍ അന്താരാഷ്ട്ര കോടതിയുടെ മധ്യസ്ഥമാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇറ്റലി കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. കേസ് അന്താരാഷ്ട്ര കോടതിയുടെ പരിഗണനക്ക് വരുന്നതോടെ ഇന്ത്യയിലെ നിയമ നടപടിക്ക് പ്രസക്തിയില്ലെന്ന് ഇറ്റലി വ്യക്തമാക്കുന്നു.
കേസ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നപ്പോള്‍ ആരോഗ്യ കാരണങ്ങളാല്‍ നാവികനായ മാസിമിലാനോ ലാത്തോറെക്ക് ആറ് മാസം കൂടി ഇറ്റലിയില്‍ തുടരാന്‍ അനുവാദം നല്‍കിയിരുന്നു. ആരോഗ്യ കാരണങ്ങളാലാണ് ഇളവ് നല്‍കുന്നതെന്നും നാവികരെ കേസ് കഴിയും വരെ ഇന്ത്യയില്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മറ്റൊരു നാവകന് സാല്‍വത്തോറെ ഗിറോണ്‍ ഇപ്പോഴും ഇന്ത്യയില്‍ തുടരുകയാണ്. കേസ് അന്താരാഷ്ട്ര മധ്യസ്ഥത്തിന് വിടണമെന്ന ഇറ്റലിയുടെ സമ്മര്‍ദ്ദത്തിന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമ്മതം നല്‍കുകയായിരുന്നു.
ഇരു നാവികരെയും നാട്ടില്‍ തുടരാന്‍ അനുവദിക്കണമോയെന്ന കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം മറുപടി നല്കാന് കേന്ദ്ര സര്‍ക്കാരിന് ജസ്റ്റിസ് അനില്‍ ആര് ദവെ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര കോടതിയില്‍ ഇറ്റലി ഇതേ ആവശ്യം ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് അറിയാനിരിക്കുന്നതെയുള്ളു. ഫെബ്രുവരി 15നാണ് ഇന്ത്യന്‍ സമുദ്രാര്‍ത്തിയില്‍ വെച്ച് രണ്ട് മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല