സ്വന്തം ലേഖകന്‍: 2022 ഫിഫ ലോകല്പ്പിനായി ഖത്തറിനെ ഒരുക്കാന്‍ എത്തുന്നത് 2,00,000 പാക് തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. ഖത്തറിലേക്ക് ലോകകപ്പ് ജോലികള്‍ക്ക് അയക്കാനുള്ള തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതായി പാക് സര്‍കാര്‍ വെളിപ്പെടുത്തി. ഇത്രയും പാകിസ്താനികള്‍ എത്തുന്നതോടെ അടുത്ത ഏഴ് വര്‍ഷത്തിനകം ഖത്തറിലുള്ള പാകിസ്താനികളുടെ എണ്ണം മൂന്ന് മടങ്ങ് വര്‍ധിക്കും.
തൊഴിലാളികള്‍ക്ക് തൊഴില്‍ പരിശീലനവും സെക്യൂരിറ്റി ക്ലിയറന്‍സും ഇംഗ്ലീഷ് പരിജ്ഞാനവും നല്‍കുന്നുണ്ട്. വ്യാവസായിക സുരക്ഷയെ കുറിച്ച് തൊഴിലാളികള്‍ക്ക് അവബോധം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. മനുഷ്യക്കടത്തിന്റെ ചതികളെകുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കി ഇത്തരക്കാരില്‍ നിന്ന് രക്ഷ നേടാനും അവരെ ബോധവാന്മാരാക്കും.
വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വലയില്‍പെട്ട് വഞ്ചിതരാകുന്ന തൊഴിലാളികള്‍ നിരവധിയാണ്. ഇത്തരം ഏജന്‍സികള്‍ വലിയ തുകയാണ് വിസക്കും മറ്റുമായി തൊഴിലാളികളില്‍ നിന്ന് ഈടാക്കുന്നത്. തൊഴില്‍ തേടുന്നതിനുളള മാര്‍ഗങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനായി രണ്ട് സര്‍ക്കാര്‍ കമ്മിറ്റികളും പാകിസ്താന് രൂപവല്‍കരിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ക്ക് പാസ്പോര്‍ട്ടും വിസയും ലഭ്യമാക്കുന്നതിനും ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പാകിസ്താന് സന്ദര്‍ശിച്ചതിന്റെ തുടര്‍ച്ചയായാണ് പാക് തൊഴിലാളികള്‍ക്ക് വിസ നല്‍കുന്നതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൂടുതല്‍ തൊഴിലാളികളെ ഖത്തര്‍ സ്വീകരിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല