സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാട്, കുവൈത്ത് പിടിമുറുക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകളും അവയുടെ ബാങ്ക് അക്കൌണ്ടുകളും ഇടപാട് രേഖകളും കര്‍ശനമ നിരീക്ഷണത്തിലാണെന്നാണ് സൂചന. നിരീക്ഷണം തീവ്രവാദ സംഘങ്ങളിലേക്ക് ധനസഹായം എത്തുന്നത് തടയാനെന്നാണ് അധികൃതരുടെ ന്യായം.
വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ പണത്തിന് വേണ്ടി അറബ് രാഷ്ട്രങ്ങളെയാണ് ലക്ഷ്യമിടുന്നത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദേശ പണമിടപാടുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിട്ടത്. ആയുധങ്ങള്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിനും മറ്റുമായി സന്നദ്ധ സംഘങ്ങളെ മറയാക്കിയാണ് ഭീകരര്‍ പണപ്പിരിവ് നടത്തുന്നത്.
മേഖലയില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നും ബാങ്കുകള്‍ വഴി വിദേശത്തേക്ക് പോകുന്ന പണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങള്‍ തീരുമാനിച്ചതായും സാമൂഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. അഫ്ഗാനിസ്താന്, സിറിയ, ലബനാന് , ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബാങ്ക് ഇടപാടുകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.
കുവൈത്തില്‍ നിന്ന് പിരിച്ചെടുക്കുന്ന സഹായങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ലഭിക്കുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം. ആരെല്ലാമാണ് പണം നല്‍കിയിട്ടുള്ളതെന്നും എവിടെയാണ് പണം ചിലവഴിച്ചതെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. വ്യക്തികളും സംഘടനകളും സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും നടത്തിവരുന്ന പണപ്പിരിവ് അന്വഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല