സ്വന്തം ലേഖകന്‍: ശിരോവസ്ത്രം അണിഞ്ഞെത്തിയ കന്യാസ്ത്രീയെ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. കാഞ്ഞിരകുളം ജവഹര്‍ സെന്‍ട്രല്‍ സ്കൂളില്‍ പരീക്ഷ എഴുതാനെത്തിയ സിസ്റ്റര്‍ സെബക്കെയാണ് ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ സിബിഎസ്ഇ അധികൃതര്‍ തടഞ്ഞത്.
ശിരോവസ്ത്രം ധരിച്ച് പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പരീക്ഷ എഴുതാതെ സിസ്റ്റര്‍ സെബ മടങ്ങി.
ശിരോവസ്ത്രം മാറ്റിയാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചതായി സിസ്റ്റര്‍ സെബ പറഞ്ഞു. ഗേറ്റില്‍ വെച്ചുള്ള പരിശോധനക്ക് ശേഷമാണ് തിരുവസ്ത്രവും കുരിശും ഊരാന്‍ ആവശ്യപ്പെട്ടത്.
പ്രത്യേക മുറി അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല. ഇതിനെതിരെ സഭാധികാരികളുമായി ആലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും സിസ്റ്റര്‍ സെബ മാധ്യമങ്ങളോട് അറിയിച്ചു.
കര്‍ശന പരിശോധനക്ക് ശേഷമെ വിദ്യാര്‍ഥികളെ ഹാളില്‍ പ്രവേശിക്കാന്‍ അനുവദിക്കൂവെന്ന് സി.ബി.എസ്.ഇ നേരത്തെ അറിയിച്ചിരുന്നു.
കൂടാതെ, ഫുള്‍കൈ വസ്ത്രങ്ങള്‍, ഷൂസും കടുംനിറത്തിലുള്ള വസ്ത്രങ്ങള്‍, മന്ത്രച്ചരടുകള്‍, ബെല്‍റ്റ്, സ്കാര്‍ഫ്, തൊപ്പി, മൂക്കുത്തി, കമ്മല്‍, മാല, ബ്രേസ്ലെറ്റ്, കൂളിങ്ഗ്ളാസ്, ഹെയര്‍പിന്‍, ഹെയര്‍ ബാന്‍ഡ്, ബാഡ്ജ്, വാച്ച്, പഴ്സ്, പെന്‍സില്‍ ബോക്സ്, കുപ്പിവെള്ളം, മുടിയില്‍ പൂക്കള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവക്കും സി.ബി.എസ്.ഇ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല