സ്വന്തം ലേഖകന്‍: ഇറാനെ ആക്രമിക്കുന്നതിനെതിരെ ഇസ്രയേലിന് അമേരിക്കയുടെ മുന്നറിയിപ്പ്. ഇറാനെതിരെ ഇസ്രയേല്‍ ഏകപക്ഷീയമായ സൈനിക നടപടിക്കു മുതിര്‍ന്നാല്‍ അതു വലിയ പിഴവായിരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയാണ് വ്യക്തമാക്കിയത്.
ഇറാന് ആക്രമിക്കപ്പെട്ടാല്‍, അത് ഇസ്രയേലിനു മാത്രമല്ല മേഖലയിലാകെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കെറി മുന്നറിയിപ്പു നല്കി. ആണവക്കരാറിന്റെ പശ്ചാത്തലത്തില്‍, ഭാവിയില്‍ ഇസ്രയേല്‍ ഇറാനെ ആക്രമിച്ചേക്കുമോ എന്ന ടിവി അഭിമുഖത്തിലെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു കെറി.
വന്‍ശക്തികളും ഇറാനും തമ്മിലുണ്ടാക്കിയ ആണവക്കരാര്‍ യുഎസ് കോണ്‍ഗ്രസ് അംഗീകരിക്കാതെ വരികയാണെങ്കില്‍ അതും മേഖലയിലെ സ്ഥിതി വഷളാക്കുമെന്ന് ജോണ്‍ കെറി പറഞ്ഞു. കരാറിന് അനുമതി നല്കാന് സെപ്റ്റംബര്‍ 17 വരെയാണു യുഎസ് കോണ്‍ഗ്രസിനുള്ള സമയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല