സ്വന്തം ലേഖകന്‍: ഇറാന്റെ അടിസ്ഥാന സൗകര്യ മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ഇന്ത്യക്ക് ക്ഷണം. ഇറാനും ആണവശക്തികളും തമ്മിലുള്ള ആണവ കരാര്‍ യാഥാര്‍ഥ്യമായതോടെ വന്‍ കുതിച്ചുചാട്ടത്തിനു തയ്യാറെടുക്കുകയാണ് ഇറാന്. ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം നീക്കിയതോടെ വന്‍ വാണിജ്യ സാധ്യതകളാണ് ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ തുറക്കപ്പെടുക.
ഇറാനില്‍ 800 കോടി അമേരിക്കന്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപിക്കുവാനാണ് ഇന്ത്യക്കു ക്ഷണ ലഭിച്ചത്. ആണവ പ്രശ്നത്തിന്റെ പേരില്‍ ഇറാന് നേരിടുന്ന ഉപരോധം മാസങ്ങള്‍ക്കുള്ളില്‍ നീങ്ങുമെന്നും അതിനുമുമ്പുള്ള സമയം പ്രയോജനപ്പെടുത്തണമെന്നും ഇറാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഗുലാം റാസാ അന്‍സാരി ചൂണ്ടിക്കാണ്ടി.
ഉപരോധം പിന്‍വലിച്ചുകഴിഞ്ഞാല്‍ ഈ രംഗത്ത് യൂറോപ്യന്‍അമേരിക്കന്‍ കമ്പനികളുടെ തള്ളിക്കയറ്റം ഉണ്ടാകുമെന്നും അതിനുമുമ്പുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അനൂകൂലമായാണു പ്രതികരിച്ചതെന്നും അന്‍സാരി വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല