സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് അടിയന്തിര ആവശ്യങ്ങള്‍ക്കായി ആംബുലന്‍സ് വിമാനം പരിഗണനയിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അടുത്തിടെ വിജയകരമായി നടത്തിയ അടിയന്തര ശസ്ത്രക്രിയക്കായി ഹൃദയം കൊണ്ടുവന്നത് നാവിക സേന നല്കിയ വിമാനത്തിലായിരുന്നു.
ഭാവിയില്‍ ഇതുപോലുള്ള ആവശ്യങ്ങള്‍ക്കായി സ്ഥിരം എയര്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൃദയം മാറ്റിവച്ച ഡോക്ടര്‍മാരെ അഭിനന്ദിക്കാന്‍ ലിസി ആശുപത്രിയിലെത്തിയതായിരുന്നു അദ്ദേഹം. ശസ്ത്രക്രിയയ്ക്കായി ഹൃദയം കൊണ്ടുവന്നതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ലിസി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ ആശുപത്രി ഡയറക്ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മന്ത്രി കെ. ബാബു, പ്രൊഫ. കെ.വി. തോമസ് എം.പി., എം.എല്‍.എ.മാരായ ഹൈബി ഈഡന്, ഡൊമിനിക് പ്രസന്റേഷന്, ലൂഡി ലൂയീസ്, നടന് ജയസൂര്യ തുടങ്ങിയവരും ആശുപത്രിയിലെത്തിയിരുന്നു.
ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, എറണാകുളം ലിസി ആശുപത്രി എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍, എയര്‍ ആംബുലന്‍സിനായി വിമാനം വിട്ടുനല്‍കിയ നാവികസേന, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, വഴിയൊരുക്കിയ പോലീസ് എന്നിവരും വിലപ്പെട്ട സേവനമാണ് നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല