സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴിലാളികളെ വ്യാജ ഹുറൂബ് ആക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി വരുന്നു. അത്തരം സ്വകാര്യ സ്ഥാപനങ്ങള്‍ക്കുള്ള സേവനം അഞ്ച് വര്‍ഷം വരെ നിര്‍ത്തലാക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്കി. അന്യായമായി സ്പോണ്‍സര്‍മാര്‍ തൊഴിലാളികളെ ഹുറൂബാക്കുന്ന പ്രവണതക്ക് തടയിടാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നീക്കം.
ഹുറൂബാക്കപ്പെട്ട വിദേശ തൊഴിലാളിയുടെ പദവി ‘തൊഴിലിന് ഹാജരാകാത്തവന്‍’ എന്നതില്‍ നിന്ന് ‘തൊഴിലിന് ഹാജരാകാതെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് കാത്തിരിക്കുന്നവന്’ എന്നാക്കി മാറ്റും. സ്പോണ്‍സറുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറാനും അനുവദിക്കും. നടപടികള്‍ പൂര്‍ത്തിയായാല്‍ പദവി ‘ജോലിയിലുള്ളവന്’ എന്നാക്കും. സ്പോണ്‍സര്‍ഷിപ്പിന് കാത്തിരിക്കുന്ന സമയത്ത് തൊഴിലാളിക്ക് എക്സിറ്റില്‍ തിരിച്ചു പോകാനും കഴിയും.
അന്യായമായും തന്ത്രത്തിലൂടെയും തൊഴിലാളികളെ ഹൂറുബാക്കികൊണ്ടുള്ള പരാതികള്‍ കൂടിവന്നത് തൊഴില്‍കാര്യ ഓഫീസ് അധികൃതര്‍ക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കാറുണ്ട്. ആദ്യതവണ തൊഴിലാളികളെ അന്യായമായി ഹൂറുബാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതൊഴികെയുള്ള സേവനങ്ങള്‍ നിര്‍ത്തലാക്കും. രണ്ടാം തവണയാണെങ്കില്‍ മൂന്ന് വര്‍ഷത്തേക്കും മൂന്നാം തവണയാണെങ്കില്‍ അഞ്ച് വര്‍ഷത്തേക്കും സേവനം നിര്‍ത്തലാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല