1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 28, 2015

സ്വന്തം ലേഖകന്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരനെ മൃഗീയമായി മര്‍ദ്ദിച്ചു കൊന്ന കേസില്‍ തലയൂരാന്‍ നിസാമിന്റെ ശ്രമം, മരണ കാരണം ചികിത്സാ പിഴവെന്ന് വാദം. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകം സംബന്ധിച്ച കേസില്‍ തന്നെ കുറ്റമുക്തനാക്കണമെന്ന് പ്രതി മുഹമ്മദ് നിസാം ഹര്‍ജി നല്‍കി. ചന്ദ്രബോസ് സെക്യൂരിറ്റി ജീവനക്കാരനല്ലെന്നും ചികിത്സാ പിഴവാണ് മരണകാരണമെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രാഥമിക വാദം തുടങ്ങിയപ്പോള്‍ ചന്ദ്രബോസിന്റെ മരണം മനഃപൂര്‍വമായ നരഹത്യയല്ലെന്നും ഇതിന് തെളിവുകള്‍ എഴുതി നല്‍കാമെന്നും പ്രതിഭാഗം അറിയിച്ചിരുന്നു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഈ തെളിവുകള്‍ സഹിതമെന്ന് പറഞ്ഞ് കുറ്റവിമുക്തനാക്കാനുള്ള ഹരജിയാണ് പ്രതിഭാഗം ഹാജരാക്കിയത്.

നിസാമിനെതിരെ സാക്ഷിമൊഴികളും തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതാണെന്നും വേണ്ടത്ര തെളിവുകളോ രേഖകളോ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. സെക്യൂരിറ്റി ജീവനക്കരനല്ലാത്ത ചന്ദ്രബോസ് ഈ സമയത്ത് എത്തിയതില്‍ ദുരൂഹതയുണ്ട്. സാക്ഷികളെ വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.

വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രോസിക്യൂഷന്‍ സമയം ആവശ്യപ്പെട്ടതിനത്തെുടര്‍ന്ന് കേസ് 30 ലേക്ക് മാറ്റി. ജില്ലാ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീറാണ് വാദം കേട്ടത്. കുറ്റവിമുക്ത ഹരജിയിലെ കാര്യങ്ങള്‍ അസംബന്ധമാണെന്നും നിസാമിന് കൊലക്കേസിലെ പങ്ക് വ്യക്തമാക്കാന്‍ വിരലടയാളം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയ സാക്ഷി മൊഴികളും ധാരാളമാണെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.